മെല്‍ബണ്‍: ഫുട്ബോളില്‍ വമ്പന്‍മാരുടെ സൗഹൃദപോരാട്ടത്തില്‍ ബ്രസീലിനെ അര്‍ജന്റീന പരാജയപ്പെടുത്തി. ഓസ്‌ട്രേലിയയിലെ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ജോര്‍ഗെ സാംപോളി പരിശീലകനായി ചുമതലയേറ്റ് ആദ്യ മല്‍സരത്തില്‍ത്തന്നെ അര്‍ജന്റീനയ്‌ക്ക് ജയം നേടാനായി. നാല്‍പ്പത്തിനാലാം മിനിട്ടില്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. ഓട്ടമെന്‍ഡി, ഡി മരിയ എന്നിവര്‍ ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മെര്‍ക്കാഡോ ഗോള്‍ നേടിയത്. ഗോള്‍ മടക്കാന്‍ ബ്രസീല്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. എന്നാല്‍ ബ്രസീലിന്റെ ചില നല്ല അവസരങ്ങള്‍ ക്രോസ് ബാറിലിടിച്ചും മറ്റും നഷ്ടമായത് ആരാധകരെ നിരാശപ്പെടുത്തി.