ലിയോണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയെ ഒറ്റ ഗോളിനാണ് പരാഗ്വെ തോല്‍പ്പിച്ചത്. പതിനെട്ടാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്‍സാലസ് ആണ് പരാഗ്വെയുടെ വിജയഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ രണ്ടാം തോല്‍വിയാണിത്. 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ അര്‍ജന്റീന. അര്‍ജന്റീനയ്ക്കെതിരെ ജയിച്ചെങ്കിലും 15 പോയിന്റുള്ള പരാഗ്വെ ആറാം സ്ഥാനത്താണ്.
മറ്റൊരു മല്‍സരത്തില്‍ വെനസ്വേലക്കെതിരെ ബ്രസീല്‍ രണ്ട് ഗോളിന് വിജയിച്ചു. ഗബ്രിയേല്‍ ജീസസും വില്യനുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകള്‍ അണഞ്ഞതിനാല്‍ മത്സരം അരമണിക്കൂറോളം തടസ്സപ്പെട്ടു. 21 പോയിന്റുള്ള ബ്രസീലാണ് ഇപ്പോഴും പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടു പോയിന്റ് മാത്രമുള്ള വെനിസ്വേല അവസാന സ്ഥാനത്താണ്.
മറ്റൊരു മല്‍സരത്തില്‍ ലാറ്റിനമേരിക്കന‍് ചാംപ്യന്‍മാരായ ചിലി, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പെറുവിനെ തോല്‍പ്പിച്ചു. ചിലിക്കുവേണ്ടി സൂപ്പര്‍ താരം അര്‍ട്ട്യൂറോ വിദാല്‍ രണ്ടു ഗോളുകള്‍ നേടി.
കൊളംബിയ - ഉറുഗ്വേ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം അടിച്ചു. അഗ്വിലാര്‍, മിനാ എന്നിവരാണ് കൊളംബിയക്കായും ക്രിസ്റ്റ്യന്‍ റൊഡ്രീഗ്രസ്, ലൂയിസ് സുവാരസ് എന്നിവര്‍ ഉറുഗ്വായ്ക്കും വേണ്ടി വലകുലുക്കി. സമനില വഴങ്ങിയതോടെ ഉറഗ്വേ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.
