സാപോളിയുടെ അസിസ്റ്റന്‍റുമാരായിരുന്ന രണ്ട് മുന്‍ താരങ്ങളെയാണ് താല്‍കാലിക പരിശീലകരാക്കിയത്
ബ്രസീല്‍ ലോകകപ്പില്‍ കയ്യെത്തും ദൂരെ നഷ്ടമായ കിരീടം റഷ്യയില്‍ മെസിയും കൂട്ടരും സ്വന്തമാക്കുമെന്നായിരുന്നു ആരാധകര്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ റഷ്യന്‍ മണ്ണില്‍ അര്‍ജന്‍റീന തകര്‍ന്നടിയുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്‍റെ വേഗത്തിനും കൃത്യതയ്ക്കും മുന്നില്‍ വിറച്ച മെസിപ്പട കണ്ണീരുമായി മടങ്ങി.
പരിശീലകന്‍ സാംപോളിയുടെ തന്ത്രങ്ങളായിരുന്നു മെസിപ്പടയുടെ ദുരന്തത്തിന് കാരണമെന്ന വിലയിരുത്തലുകളാണ് ഉയര്‍ന്നത്. സാംപോളിയുടെ തൊപ്പി തെറിക്കാന്‍ അധികം വൈകിയില്ല. സ്ഥാനം ഒഴിയില്ലെന്ന് പ്രഖ്യാപിച്ച സാംപോളിയെ പിടിച്ച് പടിക്ക് പുറത്താക്കുകയായിരുന്നു അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍.
ആരാകും അടുത്ത പരിശീലകനെന്ന ചോദ്യമാണ് ഏവിടെയും ഉയര്‍ന്നത്. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ ഉത്തരം നല്‍കിയിരിക്കുന്നു. ഒന്നല്ല രണ്ട് പരിശീലകരെയാണ് താത്കാലികമായി നിയോഗിച്ചിരിക്കുന്നത്.
ലിയോണല്‍ സ്കാളോനിയെയും പാബ്ലോ എയ്മറെയുമാണ് അര്‍ജന്‍റീന വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. സാംപോളിയുടെ പരിശീലക സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. അര്‍ജന്‍റീന അണ്ടര്‍ 20 ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു സ്കാളോനി. സഹ പരിശീലകനായിരുന്നു എയ്മര്‍. ഇവരുടെ തന്ത്രങ്ങള്‍ അര്‍ജന്‍റീന ഫുട്ബോളിന് ഗുണമാകുമോയെന്ന് കണ്ടറിയണം. എത്രകാലത്തേക്കാണ് ഇവരെ നിയമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
