മറഡോണയുടെ രണ്ട് കാലുകള്‍ക്കും എല്ലുകള്‍ കൂട്ടിമുട്ടുന്ന ഗുരുതരമായ രോഗമെന്ന് കൊളംബിയന്‍ ഡോക്‌ടര്‍. കഴിഞ്ഞ ദിവസം പരിശീലത്തിനിടെ മറഡോണ മുടന്തി നടക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. 

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് കാല്‍മുട്ടിന് ശസ്ത്രക്രിയ അനിവാര്യമെന്ന് ഡോക്‌ടര്‍. മറഡോണയുടെ രണ്ട് കാലുകള്‍ക്കും എല്ലുകള്‍ കൂട്ടിമുട്ടുന്ന ഗുരുതരമായ രോഗമുണ്ടെന്ന് കൊളംബിയന്‍ ഡോക്‌ടര്‍ ജര്‍മന്‍ ഒച്ചാവോ പറഞ്ഞതായി ഇഎഫ്‌ഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

റഷ്യന്‍ ലോകകപ്പിന് മുന്‍പ് മറഡോണയെ ചികിത്സിച്ചിരുന്നു. ഭാവിയില്‍ മറഡോണയ്ക്ക് നടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകില്ല. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടെന്നും എന്നാല്‍ ശസ്ത്രക്രിയയാണ് അനുയോജ്യമായ ചികിത്സയെന്നും ജര്‍മന്‍ ഒച്ചാവോ പറഞ്ഞു. 

മറഡോണ പരിശീലിപ്പിക്കുന്ന മെക്സിക്കന്‍ സെക്കന്‍റ് ഡിവിഷന്‍ ക്ലബിന്‍റെ പരിശീലനത്തിനിടയില്‍ മറഡോണ നടക്കാന്‍ ബുദ്ധിമുട്ടുന്നതായുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദ്യശ്യങ്ങള്‍ 1986 ലോകകപ്പ് അര്‍ജന്‍റീനയിലെത്തിച്ച ഇതിഹാസ താരത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.