കൊല്‍ക്കത്ത: അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും കൊല്‍ക്കത്തയിലെത്തുന്നു. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഫുട്ബോള്‍ കോണ്‍ക്ലേവ് മറഡോണ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസങ്ങളായ ഐ എം വിജയന്‍, ബൈച്ചിംഗ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവരുടെയും ബോളിവുഡ് താരങ്ങളുടെയും സാന്നിധ്യത്തിലാണ് ഉദ്ഘാടനം.

മുന്‍ കായികമന്ത്രി വിജയ് ഗോയല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഉടമയുമായ സൗരവ് ഗാംഗുലി, ഐഎസ്എല്‍ മുഖ്യസംഘാടക നീതാ അംബാനി എന്നിവര്‍ കോണ്‍ക്ലേവില്‍ സംസാരിക്കും. മുന്‍ ബ്രസീല്‍ താരവും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ സഹ പരിശീലകനുമായ ജോസ് റമീറസ് ബരറ്റോയും കൊല്‍ക്കത്തയിലെത്തും. 

ഐഎസ്എല്‍ ടീമുടമകളായ രണ്‍ബീര്‍ കപൂര്‍, അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രാഹം എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ഒക്ടോബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ഗാംഗുലി ഇലവനും മറഡോണ ഇലവനും തമ്മില്‍ സൗഹൃദ മല്‍സരം അരങ്ങേറും. ഇന്ത്യന്‍ ഫുട്ബോളിന്‍റെയും ഐഎസ്എല്ലിന്‍റെയും ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് കോണ്‍ക്ലേവില്‍ നടക്കുന്നത്.