സിഡ്‌നി: ഓസ്‌ട്രേലിയയിലും താരമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സംഘടിപ്പിച്ച സിപിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് അര്‍ജുന്‍ ഓസ്ട്രേലിയയിലും വാര്‍ത്ത സൃഷ്ടിച്ചത്.

ബ്രാഡ്മാന്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഹോങ്കോങ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യക്ക് വേണ്ടിയാണ് അര്‍ജുന്‍ കളത്തിലിറങ്ങിയത്. ഓപ്പണറായി ഇറങ്ങിയ അര്‍ജുന്‍ 27 പന്തില്‍ 48 റണ്‍സ് അടിച്ചതിനൊപ്പം നാല് ഓവര്‍ എറിഞ്ഞ് നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ബ്രാഡ്മാന്റെ പേരിലുള്ള ഗ്രൗണ്ടില്‍ കളിക്കാനായതില്‍ അഭിമാനമുണ്ടെന്ന് മത്സരശേഷം അര്‍ജ്ജുന്‍ പറഞ്ഞു.

ഇത് ആദ്യമായല്ല അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വാര്‍ത്തകളില്‍ നിറയുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങിയതിന് പുറമെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയെ യോര്‍ക്കറില്‍ വീഴ്ത്തിയതിനെ തുടര്‍ന്നും അര്‍ജുന്‍ ചര്‍ച്ചാവിഷയമായിരുന്നു.