മുംബൈ: ട്വന്റി-20 ലോകകപ്പിന്റെ സെമിവരെ ടീം ഇന്ത്യ എത്തിയത് കൊഹ്‌ലിയുടെ ഒറ്റയാന്‍ മികവിലാണെന്നകാര്യത്തില്‍ ആരാധകര്‍ക്ക് രണ്ടുപക്ഷമുണ്ടാവില്ല. എന്നാല്‍ കൊഹ്‌ലിയുടെ അമിത ആത്മവിശ്വാസമാണോ ഇന്ത്യയെ സെമിയില്‍ തോല്‍പ്പിച്ചത്. ആണെന്നാണ് സെമിയില്‍ ഇന്ത്യക്കെതിരെ 51 പന്തില്‍ 82 റണ്‍സുമായി വെസ്റ്റിന്‍ഡീസിന്റെ വിജയശില്‍പ്പിയായ ലെന്‍ഡന്‍ സിമണ്‍സ് പറയുന്നത്.

സെമിയില്‍ കൊഹ്‌ലി 47 പന്തില്‍ നേടിയ 89 റണ്‍സിന്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 192 റണ്‍സടിച്ചത്. സിമണ്‍സ് ബാറ്റ് ചെയ്യുമ്പോള്‍ അടുത്തെത്തി കൊഹ്‌ലി എന്തോ പറഞ്ഞിരുന്നു. ഇതാണ് തന്റെ വാശി കൂട്ടിയതെന്ന് സിമണ്‍സ് ക്രിക് ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. കൊഹ്‌ലി മാത്രമല്ല ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്‍ എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

ബാറ്റ് ചെയ്യുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴുമെല്ലാം കൊഹ്‌ലി അക്രമണോത്സുകനും അഹങ്കാരിയുമാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ മാത്രമല്ല മികച്ചവനെന്നും നിങ്ങള്‍ക്ക് മാത്രമല്ല അതിന് കഴിയൂ എന്നും എനിക്ക് കൊഹ്‌ലിക്ക് മുമ്പില്‍ തെളിയിക്കണമായിരുന്നു. ആ വാശിയാണ് എന്റെ പ്രകടനം ഉയര്‍ത്തിയത്. എല്ലാ കളിക്കാര്‍ക്കും അവരുടേതായ ദിവസമുണ്ട്. അന്ന് എന്റെ ദിവസമായിരുന്നു. നോബോളില്‍ രണ്ടു തവണ പുറത്തായെങ്കിലും കിട്ടിയ അവസരം ഞാന്‍ മുതലാക്കി-സിമണ്‍സ് പറഞ്ഞു.