ലണ്ടന്‍: ആഴ്‌സനലും മാഞ്ചസ്റ്റര്‍ സിറ്റിയും എഫ്എ കപ്പിന്റെ സെമിയില്‍ കടന്നു. ആഴ്‌സനല്‍ ലിങ്കണെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍, മിഡില്‍സ്ബറോയ്‌ക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു.

നാല്‍പ്പത്തിയഞ്ചാം മിനുറ്റില്‍ തിയോ വാല്‍ക്കോട്ടിന്റെ വകയായിരുന്നു ലിങ്കണ്‍ സിറ്റിക്കെതിരായ ആഴ്‌സനലിന്റെ ആദ്യ ഗോള്‍. അമ്പത്തിമൂന്നാം മിനുറ്റില്‍ ജിറൗഡിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. അമ്പത്തിയെട്ടാം മിനുറ്റില്‍ ആറടി ദൂരത്ത് നിന്നും ഗിബ്‌സ് തൊടുത്ത ഷോട്ട് ലിങ്കണ്‍ താരം ലൂക്ക് വാട്ടര്‍ഫാളിന്റെ കാലില്‍ തട്ടി വലയിലേക്ക് കയറി. എഴുപത്തിരണ്ടാം മിനുറ്റില്‍ സാഞ്ചസും ഗോള്‍ നേടി. എഴുപത്തിയഞ്ചാം മിനുറ്റില്‍ റംസിയിലൂടെ ആഴ്‌സനല്‍ മത്സരത്തിലെ അഞ്ചാം ഗോള്‍ നേടി.

മിഡില്‍സ്ബറോക്കെതിരെ മത്സരത്തില്‍ മൂന്നാം മിനുറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി ഡേവിഡ് സില്‍വ സ്‌കോര്‍ ചെയ്തു. അറുപത്തിയേഴാം മിനുറ്റില്‍ അഗ്യൂറോയുടെ വക സിറ്റിയുടെ രണ്ടാം ഗോള്‍.

ഇന്ന് ക്വാര്‍ട്ടറിലെ മൂന്നാം മത്സരത്തില്‍ ടോട്ടനം മില്‍വാളിനെ നേരിടും.