ലണ്ടന്‍: ആഴ്‌സണല്‍ എഫ്.എ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സട്ടണ്‍ യുണൈറ്റഡിനെ എതിരാല്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ആഴ്‌സണലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഇരുപത്തിയാറാം മിനിറ്റില്‍ ലൂക്കാസ് പെരേസും അമ്പത്തിയാറാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടുമാണ് ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തത്.

ടൂര്‍ണമെന്റില്‍ സ്വപ്നസമാനമായ കുതിപ്പ് നടത്തിയ സട്ടണ്‍ ഈ മത്സരത്തിലും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. എന്നാല്‍ യൂറോപ്പിലെ വമ്പന്‍ ക്ലബുകളിലൊന്നായ ആഴ്‌സണലിനെ അട്ടിമറിക്കാന്‍ ആ പ്രകടനം മതിയായിരുന്നില്ല. ക്വാര്‍ട്ടറില്‍ ലിങ്കന്‍ സിറ്റിയാണ് ആഴ്‌സണലിന്റെ എതിരാളികള്‍. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ടോട്ടനവും എഫ് എ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.