ബോളിവുഡ് താരത്തെ കാണാന്‍ ഇന്ത്യയിലെത്തുമെന്ന് ആഴ്‌സണല്‍ സൂപ്പര്‍താരം മെസ്യൂട്ട് ഓസില്‍. സുഹൃത്തായ രണ്‍വീര്‍ സിംഗിനെ കാണാന്‍ ഇന്ത്യയിലെത്തുമെന്നാണ് ഓസില്‍ പറഞ്ഞത്...
ആഴ്‌സണല്‍: ഇന്ത്യയിലെത്തുമെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കി അസിസ്റ്റുകളുടെ രാജകുമാരന്‍ മെസ്യൂട്ട് ഓസില്‍. എന്നാല്‍ ഓസില്‍ ഇന്ത്യയിലെത്തുക ബോളിവുഡിലെ ഒരു സൂപ്പര്‍ താരത്തെ കാണാനാകും. സുഹൃത്തായ രണ്‍വീര്‍ സിംഗിനെ കാണാന്‍ ഇന്ത്യയിലെത്തുമെന്നാണ് ഓസില്‍ പറഞ്ഞത്. ട്വിറ്ററില്‍ ആരാധകരോട് ചോദ്യോത്തരവേളയില്‍ സംവദിക്കവെയാണ് ആഴ്‌സണല്‍ താരം മനസുതുറന്നത്.
ലോകത്തെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിനും മുന്‍ ജര്‍മന്‍ ഫുട്ബോളര്‍ക്ക് മറുപടിയുണ്ടായിരുന്നു. ഒപ്പം കളിച്ച മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്നും മികച്ച എതിര്‍ താരം ലിയോണല്‍ മെസിയാണെന്നും നയതന്ത്രപരമായി താരം പ്രതികരിച്ചു. കളിക്കാന്‍ ഇഷ്‌ടപ്പെട്ട സ്റ്റേഡിയം ഏതെന്ന ചോദ്യത്തിന് മുന്‍ ക്ലബായ റയല്‍ മാഡ്രിഡ് തട്ടകം സാന്‍റിയാഗോ ബെര്‍ണാബ്യൂ എന്നും ഓസില്‍ മറുപടി നല്‍കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറാണ് രണ്‍വീര്‍. ഓസില്‍ ഇപ്പോള്‍ കളിക്കുന്ന ആഴ്‌സണലിന്‍റെ കടുത്ത ആരാധകന്‍ കൂടിയാണ് ബോളിവുഡ് താരം. കഴിഞ്ഞ ഏപ്രിലില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇറ്റലിയില്‍ നവംബര്‍ 14, 15 തിയതികളില്‍ നടക്കുന്ന രണ്‍വീര്‍- ദീപിക പതുക്കോണ്‍ താരവിവാഹത്തില്‍ ആഴ്‌സണല്‍ സൂപ്പര്‍ താരം പങ്കെടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
