അഡ്‌ലെയ്ഡ്: ആവേശകരമായ അന്ത്യത്തില്‍ ആഷസ് രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 120 റൺസിന്റെ തകർപ്പൻ ജയം. 354 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 233 റൺസിന് എല്ലാവരും പുറത്തായി. അഞ്ചാം ദിവസം ഇംഗ്ലീഷ് നിരയുടെ ആറു വിക്കറ്റുകൾ ശരവേഗത്തിൽ പിഴുതെറിഞ്ഞാണ് ഓസ്ട്രേലിയ മത്സരം പിടിച്ചെടുത്തത്.
57 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് ആറു വിക്കറ്റുകൾ നഷ്ടമായത്. അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്.
ക്രിസ് വോക്സ്(5), ജോ റൂട്ട്(67), മോയിൻ അലി(2), ക്രെയ്ഗ് ഓവർടൺ(7), സ്റ്റുവർട്ട് ബ്രോഡ്(8), ജോണി ബെയര്‍സ്റ്റോ(36) എന്നിവരാണ് ഇന്നു പുറത്തായ ഇംഗ്ലീഷ് താരങ്ങൾ. സ്കോർ: ഓസ്ട്രേലിയ– 442/8 ഡിക്ലേയര്‍ & 138, ഇംഗ്ലണ്ട്– 227 & 233
നാലാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റും ജയിച്ച ആതിഥേയരായ ഓസ്ട്രേലിയ പരമ്പരയിൽ 2–0നു മുന്നിലെത്തി.
