സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ വിജയം കൊതിച്ചിറങ്ങിയ ഇംഗ്ലണ്ടിന് അവസാന ഓവറുകളില്‍ അടിതെറ്റി. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും ഡേവിഡ് മലന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 228/3 എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ അവസാന ഓവറുകളില്‍ റൂട്ടിനെ(83) മിച്ചല്‍ സ്റ്റാര്‍ക്കും ബെയര്‍സ്റ്റോയെ(5) ഹേസല്‍വുഡും മടക്കിയതോടെ 233/5 എന്ന നിലയില്‍ ആദ്യ ദിനം ഇംഗ്ലണ്ട് ക്രീസ് വിട്ടു.

ടോസ് നേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് കഴിഞ്ഞ മത്സരത്തില്‍ ഡബിളടിച്ച അലിസ്റ്റര്‍ കുക്കും(39) സ്റ്റോണ്‍മാനും(29) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. സ്റ്റോണ്‍മാനെയും, മികച്ച തുടക്കമിട്ട വിന്‍സിനെയും(25) കമിന്‍സ് മടക്കിയപ്പോള്‍ കുക്കിനെ ഹേസല്‍വുഡ് വീഴ്‌ത്തി. ഇതിനുശേഷമായിരുന്നു റൂട്ടും മലനും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചത്.

ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കിയപ്പോള്‍ നാലാം ടെസ്റ്റ് സമനിലയിലായി. അവസാന ടെസ്റ്റെങ്കിലും ജയിച്ച് മാനം കാക്കാമെന്ന ഇംഗ്ലീഷ് പ്രതീക്ഷകള്‍ക്കാണ് അവസാന നിമിഷങ്ങളില്‍ വീണ രണ്ടു വിക്കറ്റുകള്‍ തിരിച്ചടിയായത്.