സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിന് രക്ഷയില്ല. മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 346 റണ്‍സിന് പുറത്തായി. 83 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഡേവിഡ് മലാന്‍ 62 റണ്‍സും അലിസ്റ്റര്‍ കുക് 39 റണ്‍സുമെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റിന് 233 റൺസെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 113 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിണ്‍സാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്, ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി. 

ഓസീസിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. റണ്ണെടുക്കും മുമ്പ് ബന്‍ക്രോഫ്റ്റിനെ പുറത്താക്കി സ്റ്റുവര്‍ട്ട് ബ്രോഡ് ഞെട്ടിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് ഓസീസിനെ കരകയറ്റി. ഡേവിഡ് വാര്‍ണര്‍(56) പുറത്തായ ശേഷമെത്തിയ സ്റ്റീവ് സ്മിത്ത് നായകന്‍റെ കളി തുടര്‍ന്നതോടെ ഓസീസ് മികച്ച നിലയിലെത്തി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഓസീസ് രണ്ട് വിക്കറ്റിന് 193 റണ്‍സെന്ന നിലയിലാണ് 91 റണ്‍സുമായി ഖവാജയും 44 റണ്‍സോടെ സ്മിത്തുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനായിജെയിംസ് ആന്‍ഡേഴ്സണ്‍ ഒരു വിക്കറ്റ് വീഴ്ത്തി.