സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച ലീഡിലേക്ക്. സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ(171)യുടെ മികവിലാണ് ഓസീസ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നായകന്‍ സ്റ്റീവ് സ്മിത്ത്(83), ഡേവിഡ് വാര്‍ണര്‍(56) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി. മൂന്നാം ദിനം രണ്ട് വിക്കറ്റിന് 193 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടമായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 479 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഷോണ്‍ മാര്‍ഷ് 98 റണ്‍സുമായും മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായും ക്രീസിലുണ്ട്. രണ്ട് ദിവസം അവശേഷിക്കേ ഓസീസിനിപ്പോള്‍ 133 റണ്‍സിന്‍റെ ലീഡായി.

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്തിന്‍റെ വിക്കറ്റാണ് തുടക്കത്തില്‍ ഓസീസിന് നഷ്ടമായത്. സ്മിത്ത്-ഖവാജ സഖ്യം മൂന്നാം വിക്കറ്റില്‍ 188 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്മിത്ത് വീണിട്ടും പതാറാതെ കളിച്ച ഖവാജ ആഷസിലെ കന്നി സെഞ്ചുറിയും ആറാം ടെസ്റ്റ് സെഞ്ചുറിയും സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍, ബ്രോഡ്, മൊയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മാസണ്‍ ക്രെയിന്‍റെ പന്തില്‍ ഖവാജയെ പുറത്താക്കി ഓസീസിനെ സമ്മര്‍ദ്ധത്തിലാക്കാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും മാര്‍ഷ് സഹോദരന്‍മാര്‍ വിലങ്ങുതടിയാവുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും പുറത്താകാതെ 101 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

അതിനിടെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ടെസ്റ്റില്‍ 6000 റണ്‍സും ഇംഗ്ലണ്ടിനെതിരെ 2000 റണ്‍സും പൂര്‍ത്തിയാക്കി. വേഗതയില്‍ 6000 ടെസ്റ്റ് റണ്‍സ് പിന്നിട്ട രണ്ടാമത്തെ താരമാണ് സ്മിത്ത്. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍. നേരത്തെ മികച്ച തുടക്കം ലഭിച്ചിട്ടും ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 346 റണ്‍സിന് പുറത്തായിരുന്നു. 83 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഡേവിഡ് മലാന്‍ 62 റണ്‍സും അലിസ്റ്റര്‍ കുക് 39 റണ്‍സുമെടുത്ത് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ പാറ്റ് കമ്മിണ്‍സാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 

മിച്ചല്‍ സ്റ്റാര്‍ക്, ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഓസീസിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. റണ്ണെടുക്കും മുമ്പ് ബന്‍ക്രോഫ്റ്റിനെ പുറത്താക്കി സ്റ്റുവര്‍ട്ട് ബ്രോഡ് ഞെട്ടിച്ചു. എന്നാല്‍ ശക്തമായ കൂട്ടകെട്ടുകള്‍ പടുത്തയുര്‍ത്ത് ഓസീസ് ബാറ്റ്സ്മാന്‍മാര്‍ മുന്നേറിയപ്പോള്‍ അവസാന ടെസ്റ്റും ഇംഗ്ലണ്ടിന് കിട്ടാക്കനിയാവുകയാണ്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന മാര്‍ഷ് സഹോദരന്‍മാരിലൂടെ കൂറ്റന്‍ ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കാനായിരിക്കും നാലാം ദിനം ഓസീസ് ശ്രമിക്കുക.