ദില്ലി: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്റ. ഓസീസിനെതിരായ ട്വന്‍റി20 പരമ്പരയിലോ ന്യൂസിലന്‍റിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിലോ 38കാരനായ താരം വിരമിച്ചേക്കുമെന്നാണ് റിപ്പേര്‍ട്ടുകള്‍. നിലവില്‍ ടീമിലെ മുതിര്‍ന്ന താരമായ നെഹ്റ 18 വര്‍ഷത്തെ കരിയറിനൊടുവിലാണ് വിരമിക്കാന്‍ ആലോചിക്കുന്നത്.  

വെറ്ററന്‍ താരം നെഹ്റയെ ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലെടുത്തത് വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. 1999ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു  താരത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യയ്ക്കൊയി 120 ഏകദിനങ്ങളില്‍ നിന്ന് 157 വിക്കറ്റും 17 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റും നേടിയിട്ടുണ്ട്. എന്നാല്‍ കരിയറില്‍ ഇടയ്ക്കിടയ്ക്ക് കയറി വന്ന പരിക്ക് നെഹ്റയെ വലച്ചിരുന്നു.

നെഹ്റയെ ടീമിലെടുത്തത് യുവതാരങ്ങള്‍ക്ക് ശരിയായ സന്ദേശമല്ല നല്‍കുന്നതെന്നും താല്‍ക്കാലിക നേട്ടം കണക്കിലെടുക്കാതെ ഭാവിയിലെ ടീമിനെ കെട്ടിപ്പടുക്കാനാണ് സെലക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടതെന്നും മുന്‍ നായകനും ചീഫ് സെലക്ടറുമായിരുന്നു കൃഷ്ണമാചാരി ശ്രീകാന്ത് പരസ്യ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.