ദില്ലി: ക്രിക്കറ്റിലെ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആശിഷ് നെഹ്റ. 2009ല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ കോച്ചായിരുന്നു ഗാരി കിര്‍സ്റ്റന്‍ ക്ഷണിച്ചിരുന്നുവെങ്കിലും അത് നിരസിച്ചതാണ് തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ ദു:ഖമെന്ന് നെഹ്‌റ പറഞ്ഞു. അന്ന് ഞാനത് തള്ളിക്കളയാന്‍ പാടില്ലായിരുന്നു. അന്നെനിക്ക് 30 വയസേ ഉണ്ടായിരുന്നുള്ളു. തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടവും അതാണ്-നെഹ്റ പറഞ്ഞു.

2013ല്‍ ആറാഴ്ചയ്കുള്ളില്‍ ആറ് രഞ്ജി മത്സരങ്ങള്‍ കളിച്ചപ്പോഴാണ് അന്ന് കിര്‍സ്റ്റന്‍ നല്‍കിയ വാഗ്ദാനം തള്ളിക്കളഞ്ഞതിലെ വില ഞാന്‍ തിരിച്ചറിഞ്ഞത്. 30 വയസില്‍ ടെസ്റ്റ് കളിക്കാനിറങ്ങിയിരുന്നെങ്കില്‍ ഒരു നാലഞ്ച് വര്‍ഷം എനിക്ക് ടെസ്റ്റില്‍ തുടരാനാവുമായിരുന്നു. 30-35 ടെസ്റ്റുകളില്‍ രാജ്യത്തിന് വേണ്ടി കളിക്കാനാവുമായിരുന്നു. പക്ഷെ അത് നഷ്ടമായി. ഇനി പറയുന്നതില്‍ അര്‍ഥമില്ല, അതാണ് ജീവിതം-നെഹ്റ പറഞ്ഞു.

ഈ വയസിലും ഞാനൊരു ഫാസ്റ്റ് ബൗളറാണ്. പ്രായം 38 ആയെന്ന് കരുതി 120-125 കിലോ മീറ്റര്‍ വേഗത്തിലെറിയുന്ന ബൗളറല്ല ഞാന്‍. ന്യൂബോളില്‍ ഞാന്‍ ഇപ്പോഴും 138 കിലോ മീറ്റര്‍ വേഗം ലക്ഷ്യമിട്ടാണ് എറിയാറുള്ളത്. ഒന്നുകൂടി ശ്രമിച്ചാല്‍ 140 കിലോ മീറ്ററിലേറെ വേഗത്തില്‍ ഇപ്പോഴും പന്തെറിയാന്‍ എനിക്കാവും. എങ്കിലും 2010 ഏകദിന ലോകകപ്പ് വരെ കളി തുടരനാവുമെന്ന് താന്‍ കരുതുന്നില്ലെന്നും നെഹ്റ പറഞ്ഞു. 2019 ലോകകപ്പ് ഏറെ ദൂരെയാണ്. അതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. എന്നേക്കാള്‍ രണ്ട് വയസിന് ഇളപ്പമായ ധോണി പോലും അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും നെഹ്റ പറഞ്ഞു.