ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദർ അശ്വിനെ വാനോളം പുകഴ്‌ത്തി ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. നിലവിൽ ലോകത്തെ ഏറ്റവും മികച്ച സ്‌പിന്നർ അശ്വിനാണെന്ന് മുരളീധരൻ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞു. അതിവേഗം 300 ടെസ്റ്റ് വിക്കറ്റ് തികച്ച അശ്വിനെ അഭിനന്ദിച്ച് സംസാരിക്കുമ്പോഴാണ് മുരളി ഇക്കാര്യം പറഞ്ഞത്. 54 ടെസ്റ്റുകളിൽനിന്നാണ് അശ്വിൻ 300 വിക്കറ്റ് തികച്ചത്. ഇക്കാര്യത്തിൽ ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡാണ് അശ്വിൻ തകർത്തത്. 56 ടെസ്റ്റുകളിൽനിന്നാണ് ലില്ലി 300 വിക്കറ്റ് തികച്ചത്. ഈ നേട്ടം കൈവരിച്ചത് 1981ൽ ആയിരുന്നു. 36 വർങ്ങൾക്ക് ശേഷമാണ് അശ്വിൻ ഡെന്നീസ് ലില്ലിയുടെ റെക്കോര്‍ഡ് തകർത്തത്. എന്നാൽ ടെസ്റ്റിൽ അതിവേഗം 400, 500, 600, 700, 800 വിക്കറ്റ് നേട്ടം കൈവരിച്ചത് മുരളീധരനാണ്. അശ്വിന്റെ മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി മുരളിയുടെ ഈ റെക്കോ‍ർഡുകൾ തകർക്കുകയെന്നതാണ്. അശ്വിന് ഇനിയും കുറഞ്ഞത് അഞ്ചുവ‍ർഷമെങ്കിലും കളിക്കാനാകുമെന്ന് മുരളീധരൻ പറഞ്ഞു. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് കഴിയും. എന്നാൽ കായികക്ഷമതയും പരിക്കിനെ അതിജീവിക്കാനുള്ള ശേഷിയുമാകും അശ്വിന്റെ മുന്നോട്ടുള്ള കരിയറിനെ നിർണയിക്കുകയെന്നും മുരളി ചൂണ്ടിക്കാട്ടി. കോലിയുടെ കീഴിൽ ഇന്ത്യൻ ടീം സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നതെന്നും, വിജയിച്ച് കോലി മടുത്തു കാണുമെന്നും മുരളി തമാശയായി പറഞ്ഞു.