സെഞ്ചൂറിയൻ ടെസ്റ്റ് തുടങ്ങുന്നതിന്റെ തലേദിവസം തന്നെ ടീമിനെക്കുറിച്ച് നായകൻ വിരാട് കോലിയുടെ മനസിൽ ഏകദേശ ധാരണയുണ്ടായിരുന്നു. പച്ചപ്പുല്ല് നിറഞ്ഞുനിൽക്കുന്ന ടീമിൽ നാലു പേസര്‍മാരുമായി കളിക്കാമെന്ന പദ്ധതിയായിരുന്നു ക്യാപ്റ്റനുണ്ടായിരുന്നത്. ടീമിലെ ഏക സ്‌പിന്നറായ അശ്വിനെ ഒഴിവാക്കി, പകരം ഇഷാന്തിനെ ടീമിലെടുക്കുക. എന്നാൽ മൽസരദിവസം രാവിലെ മൈതാനത്തെത്തിയ കോലി പിച്ച് കണ്ടു ഞെട്ടി. പച്ച പുല്ലെല്ലാം വെട്ടിയൊതുക്കി ഫ്ലാറ്റ് വിക്കറ്റാക്കിയിരിക്കുന്നു. പിച്ചിലെ ചെറിയ വിള്ളലുകള്‍ സ്‌പിന്നിനെ തുണയ്‌ക്കുമെന്നും ക്യാപ്റ്റന് മനസിലാക്കി. ഇതോടെ അശ്വിനെ ഒഴിവാക്കാനുള്ള തീരുമാനം പെട്ടെന്ന് കോലി മാറ്റി.
ടോസ് ഇടാൻ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് കോലി മുൻ നിശ്ചയിച്ച ടീമിൽ മാറ്റം വരുത്തിയത്. പുതിയ പന്തിൽ ബൗണ്‍സ് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ സ്വിങ് ബൗളറായ ഭുവനേശ്വറിനെ മാറ്റി ഇഷാന്തിനെ കൊണ്ടുവന്നു. എന്നാൽ അശ്വിനെ മാറ്റാതെ നിലനിര്‍ത്തുകയായിരുന്നു. ടീമിൽ കോലി പെട്ടെന്ന് വരുത്തിയ ഈ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത് അശ്വിൻ തന്നെയാണ്. ആദ്യ ദിവസത്തെ കളിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അശ്വിൻ ഇക്കാര്യം പറഞ്ഞത്.
ഏതായാലും അശ്വിൻ ടീമിലെത്തിയത് ആദ്യദിനം ടീം ഇന്ത്യയ്‌ക്ക് തുണയായി. മികച്ച രീതിയിൽ മുന്നേറിയ ദക്ഷിണാഫ്രിക്കക്കാരെ വരുതിയിൽനിര്‍ത്തിയത് അശ്വിന്റെ പ്രകടനമായിരുന്നു. ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍മാരുടേത് ഉള്‍പ്പടെ നാലു വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്.
ടീം സെലക്ഷനുമായി ബന്ധപ്പെട്ട് വിരാട് കോലി കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ആജിന്‍ക്യ രഹാനെയെ ടീമിൽ ഉള്‍പ്പെടുത്താത്തതും, ഭുവനേശ്വര്‍കുമാറിനെ ഒഴിവാക്കിയതുമാണ് വിമര്‍ശനത്തിനിടയാക്കുന്നത്.
