ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശ് 222ന് പുറത്ത്. ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത കടുവകളെ ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ചേര്‍ന്ന് വരിഞ്ഞുമുറുക്കുകയായിരുന്നു. 

ദുബായ്: ഏഷ്യാകപ്പില്‍ ഏഴാം കിരീടത്തിലേക്കുള്ള ഇന്ത്യയുടെ ദൂരം 223 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്‍റെ സെഞ്ചുറിക്കരുത്തില്‍ 48.3 ഓവറില്‍ 222 റണ്‍സെടുത്തു. ആദ്യ ഏകദിന സെഞ്ചുറി നേടിയ ലിറ്റണാണ്(117 പന്തില്‍ 121) ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഒരു ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു ബംഗ്ലാദേശ്. എന്നാല്‍ വമ്പന്‍ തിരിച്ചുവരവിലൂടെ കടുവകളെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ തടുത്തിട്ടു. കുല്‍ദീപ് മൂന്നും കേദാര്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.

ടോസ് ലഭിച്ചിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റെന്ന് തെളിയിച്ചായിരുന്നു ബംഗ്ലാദേശിന്‍റെ തുടക്കം. ബംഗ്ലാദേശ് 20 ഓവറില്‍ തന്നെ 120 റണ്‍സിന് അടുത്തെത്തി. അതിവേഗം കളിച്ചുതുടങ്ങിയ ലിറ്റണ്‍ 32 പന്തില്‍ അമ്പത് പിന്നിട്ടു. എന്നാല്‍ പിന്നാലെ സഹ ഓപ്പണര്‍ മെഹിദി ഹസനെ പുറത്താക്കി കേദാര്‍ ജാദവ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്യൂ നല്‍കി. പിന്നാലെ രണ്ട് റണ്‍സുമായി കയീസും വീണു. പാക്കിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ മുഷ്‌ഫീഖറിന് ഇത്തവണ നേടാനായത് അഞ്ച് റണ്‍സ്. മിഥുന്‍(2), മഹമ്മദുല്ല(4) എന്നിവരും മടങ്ങിയതോടെ 32.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സ്. 

എന്നാല്‍ സ്കോറിങിന് അല്‍പം വേഗം കുറഞ്ഞെങ്കിലും ലിറ്റണ്‍ 87 പന്തില്‍ ഏകദിനത്തിലെ ആദ്യ സെഞ്ചുറി തികച്ചു. എന്നാല്‍ 41-ാം ഓവറില്‍ കുല്‍ദീപിന്‍റെ പന്തില്‍ ലിറ്റണെ മിന്നും സ്റ്റംപിങില്‍ പറഞ്ഞയച്ച് ധോണി ഇന്ത്യയ്ക്ക് അടുത്ത ബ്രേക്ക് ത്രൂ നല്‍കി. 12 ഫോറും രണ്ട് സിക്സും പറന്ന ഇന്നിംഗ്സിന് തകര്‍പ്പന്‍ അവസാനം. പിന്നാലെ കുല്‍ദീപിന്‍റെ അടുത്ത ഓവറില്‍ മൊര്‍ത്താസയും(7) ധോണിയുടെ മിന്നല്‍ സ്റ്റംപിങില്‍ മടങ്ങി. ഏഴ് റണ്‍സെടുത്ത നസ്‌മുലും 33 റണ്‍സെടുത്ത സര്‍ക്കാരും റണ്ണൗട്ടായി. അക്കൗണ്ട് തുറക്കുംമുന്‍പ് റൂബേലിനെ 49-ാം ഓവറില്‍ ബുംമ്ര ബൗള്‍ഡാക്കിയതോടെ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.