ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന് റെക്കോര്‍ഡ്. ഏകദിന കരിയറിലെ ആദ്യ അര്‍ദ്ധ സെഞ്ചുറി തികച്ച താരം ബംഗ്ലാദേശ് ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി. 

ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന് റെക്കോര്‍ഡ്. ഒരു ഫൈനലില്‍ ബംഗ്ലാദേശിനായി ഉയര്‍ന്ന റണ്‍സ് നേടിയ താരമെന്ന നേട്ടം ഇന്ത്യക്കെതിരെ ലിറ്റണ്‍ സ്വന്തമാക്കി. വ്യക്തിഗത സ്കോര്‍ 78ല്‍ നില്‍ക്കേയാണ് ലിറ്റണ്‍ സുവര്‍ണനേട്ടം അടിച്ചെടുത്തത്. നേരത്തെ നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ടി20 ഫൈനലില്‍ ഇന്ത്യക്കെതിരെ 77 റണ്‍സ് എടുത്ത സാബിര്‍ റഹ്മാന്‍റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. 

അതിവേഗം റണ്‍സ് കണ്ടെത്തിയ ദാസ് 32 പന്തിലാണ് കന്നി അര്‍ദ്ധ സെഞ്ചുറി തികച്ചത്. ഓപ്പണിംഗില്‍ മെഹിദി ഹസനൊപ്പം ലിറ്റണ്‍ 120 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാല്‍ ഒരു അര്‍ദ്ധ സെഞ്ചുറിക്കായി 18-ാം മത്സരം വരെ ബംഗ്ലാ താരത്തിന് കാത്തിരിക്കേണ്ടിവന്നു എന്നതും ശ്രദ്ധേയമാണ്.