ഏഷ്യാകപ്പ് ഫൈനലില്‍ സെഞ്ചുറി തികച്ച് ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസ്. കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി കൂടിയാണിത്. എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത.
ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ കന്നി ഏകദിന സെഞ്ചുറി തികച്ച് ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസ്. അതിവേഗം കളിച്ചുതുടങ്ങിയ ലിറ്റണ്‍ 32 പന്തില്‍ അമ്പത് പിന്നിട്ടപ്പോള്‍ 87 പന്തില്‍ സെഞ്ചുറിയിലെത്തി. എന്നാല്‍ മികച്ച തുടക്കത്തിന് ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ ബംഗ്ലാദേശ് 33 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 152 റണ്‍സ് എന്ന നിലയിലാണ്. 102 റണ്‍സുമായി ലിറ്റണും റണ്‍സൊന്നുമെടുക്കാതെ സര്‍ക്കാരുമാണ് ക്രീസില്‍. ഇന്ത്യയെ വിറപ്പിച്ച മികച്ച തുടക്കത്തിന് ശേഷമാണ് ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് തുലച്ചത്.
നേരത്തെ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും മെഹിദി ഹസനും ചേര്‍ന്ന് ബംഗ്ലാദേശിന് മികച്ച തുടക്കം നല്‍കിയിരുന്നു. ഇരുവരും ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുപ്പത്തിരണ്ടില്‍ നില്‍ക്കേ പുറത്തായ മെഹിദിയുടെ വിക്കറ്റാണ് ആദ്യം കടുവകള്‍ക്ക് നഷ്ടമായത്. പിന്നാലെ രണ്ട് റണ്‍സുമായി കയീസും വീണു. പാക്കിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ മുഷ്‌ഫീഖറിന് ഇക്കുറി പിടിച്ചുനില്‍ക്കാനുമായില്ല. മുഷ്‌ഫീഖര്‍ അഞ്ച് റണ്‍സിന് പുറത്തായി. മിഥുന്‍(2), മഹമ്മദുള്ള(4) എന്നിങ്ങനെയാണ് പിന്നീട് മടങ്ങിയവരുടെ സ്‌കോര്‍. കേദാര്‍ ജാദവ് രണ്ടും കുല്‍ദീപും ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി
