ഹോങ്കോംഗിനെതിരെ പാക്കിസ്ഥാന് എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയം. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്‍റെ അര്‍ദ്ധ സെഞ്ചുറിയും (50), ഉസ്‌മാന്‍ ഖാന്‍റെ മൂന്ന് വിക്കറ്റും വിജയത്തില്‍ നിര്‍ണായകമായി. 

ദുബായ്: ഏഷ്യാകപ്പില്‍ ബി ഗ്രൂപ്പ് പോരാട്ടത്തില്‍ ഹോങ്കോംഗിനെതിരെ പാക്കിസ്ഥാന് എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയം. വിജയലക്ഷ്യമായ 117 റണ്‍സ് പിന്തുടര്‍ന്ന പാക്ക് നിര 23.4 ഓവറില്‍ ജയംകണ്ടു. പുറത്താകാതെ അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്‍റെ(50) ഇന്നിംഗ്സും ഉസ്‌മാന്‍ ഖാന്‍റെ മൂന്ന് വിക്കറ്റ് പ്രകടനവും പാക്കിസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായി. ഫഖാര്‍ സമാന്‍(24), ബാബര്‍ അസം(33) എന്നിവരും പാക്കിസ്ഥാനായി മികച്ചുനിന്നു. ഒമ്പത് റണ്‍സെടുത്ത് ഷൊയിബ് മാലിക്ക് പുറത്താകാതെ നിന്നു.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ പാക്കിസ്ഥാന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നുവീഴുകയായിരുന്നു ഹോങ്കോംഗ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 37.1 ഓവറില്‍ 116 റണ്‍സില്‍ പുറത്തായി. പരിചയക്കുറവും ഹോങ്കോംഗിന് തിരിച്ചടിയായപ്പോള്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ അവസരം മുതലെടുക്കുകയായിരുന്നു. 27 റണ്‍സെടുത്ത ഐസാസ് ഖാനാണ് ടോപ് സ്‌കോറര്‍. നായകന്‍ ക്രിസ്റ്റഫര്‍ കാര്‍ട്ടറിന് രണ്ട് റണ്‍സെടുക്കാനേ ആയുള്ളൂ. ഓപ്പണര്‍മാരായ നിസാഖത്ത് ഖാന്‍(13), അന്‍ഷുമാന്‍ റാത്ത്(19) റണ്‍സെടുത്ത് പുറത്തായി. 

ഒരവസരത്തില്‍ അഞ്ച് വിക്കറ്റിന് 44 റണ്‍സ് എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു ഹോങ്കോംഗ്. പിന്നീട് തപ്പിത്തടഞ്ഞ് ടീം 100 കടന്നു. ബാബര്‍ ഹയാത്ത്(7), കിന്‍ചിത് ഷാ(26), എഹ്‌സാന് ഖാന്‍‍(0), സ്‌കോട്ട്(0), തന്‍വീര്‍ അഫ്‌സല്‍‍(0), എഹ്‌സാന്‍ നവാസ്(9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഒമ്പത് റണ്‍സുമായി നദീം അഹമ്മദ് പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി ഉസ്‌മാന്‍ ഖാന്‍ മൂന്നും ഹസന്‍ അലിയും ഷദാബ് ഖാനും രണ്ട് വിക്കറ്റും ഫഹീം അഷ്‌റഫ് ഒരു വിക്കറ്റും വീഴ്‌ത്തി.