Asianet News MalayalamAsianet News Malayalam

ബംഗ്ലാ കടുവകളെയും കൂട്ടിലടച്ച് ഇന്ത്യ; ജയം ഏഴു വിക്കറ്റിന്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറി മികവില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. സ്കോര്‍ ബംഗ്ലാദേശ് 49.1 ഓവറില്‍ 173 ഓള്‍ ഔട്ട്, ഇന്ത്യ ഓവറില്‍ 36.2 ഓവറില്‍ 174/3.

 

Asia Cup 2018 Rohit shines again India Beat Bangladesh by 7 wickets
Author
Dubai - United Arab Emirates, First Published Sep 21, 2018, 11:51 PM IST

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറി മികവില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. സ്കോര്‍ ബംഗ്ലാദേശ് 49.1 ഓവറില്‍ 173 ഓള്‍ ഔട്ട്, ഇന്ത്യ ഓവറില്‍ 36.2 ഓവറില്‍ 174/3.

തുടര്‍ച്ചയായ മൂന്നാം ജയത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യയെ ഒരു ഘട്ടത്തില്‍പ്പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ ബംഗ്ലാദേശിനായില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍-രോഹിത് സഖ്യം 15 ഓവറില്‍ 61 റണ്‍സടിച്ചു. 40 റണ്‍സെടുത്ത ധവാന്‍ ഷക്കീബ് അല്‍ ഹസന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും അംബാട്ടി റായിഡുവിനെ കൂട്ടുപിടിച്ച് രോഹിത് മുന്നേറി. 13 റണ്‍സെടുത്ത റായിഡു ടീം സ്കോര്‍ 100 പിന്നിട്ടയുടന്‍ വീണു. എംഎസ് ധോണിയാണ് ഇത്തവണ നാലാം നമ്പറില്‍ ഇറങ്ങിയത്. സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ ബാറ്റുവീശിയ ധോണി 37 പന്തില്‍33 റണ്‍സെടുത്ത് വിജയത്തിന് തൊട്ടരികെ വീണു. മഷ്റഫി മുര്‍ത്താസക്കായിരുന്നു വിക്കറ്റ്.

പിന്നീട് രോഹിത്തും കാര്‍ത്തിക്കും(1) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി. 104 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സറും പറത്തിയാണ് രോഹിത് 83 റണ്‍സെടുത്തത്. സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ ജയവും ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം ജയവുമാണിത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തലയും വാലും അറത്ത് പേസ് ബൗളര്‍മാരും നടുവൊടിച്ച ജഡേജയും ചേര്‍ന്നാണ്  173 റണ്‍സിലൊതുക്കിയത്. വാലറ്റത്ത് മെഹ്ദി ഹസനും(42) മഷ്റഫി മൊര്‍ട്ടാസയും(26) ചേര്‍ന്നാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍കുമാറും ബൂംമ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനെ(7) ഭുവനേശ്വര്‍ കുമാറും നസിമുള്‍ ഹൊസൈന്‍ ഷാന്റോ(7)യെ ബൂംമ്രയും മടക്കിയതോടെ ബംഗ്ലാദേശ് തുടക്കത്തിലെ തകര്‍ന്നു. പിന്നീട് ഷക്കീബ് അല്‍ ഹസനും മുഷ്ഫീഖുര്‍ റഹീമും കൂടി ബംഗ്ലാദേശിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ഇരുവരെയും മടക്കി രവീന്ദ്ര ജഡേജ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവും ആഘോഷമാക്കി.
17 റണ്‍സെടുത്ത ഷക്കീബിനെ ജഡേജ ധവാന്റെ കൈകകളിലെത്തിച്ചപ്പോള്‍ 21 റണ്‍സെടുത്ത മുഷ്ഫീഖുര്‍ ചാഹലിന് ക്യാച്ച് നല്‍കി മടങ്ങി. മൊഹമ്മദ് മിഥുനെയും(9) വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ വീണ്ടും ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് കൂട്ടത്തകര്‍ച്ചയിായി. മഷ്റഫി മൊര്‍ത്താസക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച മൊസാദെക് ഹൊസൈനെയും ജഡേജ തന്നെ മടക്കി. പിന്നീടായിരുന്നു ബംഗ്ലാദേശിന്റെ ഈ മത്സരത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്.

മഷ്റഫിയും മെഹ്ദിയും ചേര്‍ന് എട്ടാം വിക്കറ്റില്‍ 66 റണ്‍സടിച്ച് ബംഗ്ലാദേശ് ഇന്നിംഗ്സിന് അല്‍പം മാന്യത നല്‍കി. മെഹ്ദിയും ബൂംമ്രയും മൊര്‍ത്താസയെ ഭുവിയും മടക്കിയതോടെ ബംഗ്ലാദേശിന്റെ ചെറുത്തുനില്‍പ്പ് 49.1 ഓവറില്‍ 173 റണ്‍സില്‍ അവസാനിച്ചു. ചാഹലിനും കുല്‍ദീപിനും വിക്കറ്റൊന്നും ലഭിച്ചില്ല.

Follow Us:
Download App:
  • android
  • ios