പാക്കിസ്ഥാനെതിരേ ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. 95 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ധവാന്‍റെ ശതകം.

ദുബായ്: ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. 95 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ധവാന്‍ ശതകം തികച്ചത്. എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ 114ല്‍ നില്‍ക്കേ ധവാന്‍ പുറത്തായി. സഹ ഓപ്പണര്‍ രോഹിത് ശര്‍മ്മ 95 റണ്‍സുമായി ക്രീസിലുണ്ട്. ഇനി ജയിക്കാന്‍ 28 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് വേണ്ടത്. ഇരുവരേയും പുറത്താക്കാനുള്ള അവസരം പാക്കിസ്ഥാന്‍താരങ്ങള്‍ നഷ്ടമാക്കിയിരുന്നു. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു. നേരത്തെ, പാക്കിസ്ഥാന്റെ തുടക്കം തകര്‍ന്നെങ്കിലും ഷൊയ് മാലിക്കിന്റെ (78) അര്‍ധ സെഞ്ചുറി അവരെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റണ്‍സ് മാത്രമെടുത്ത ഇമാം ഉല്‍ ഹഖ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സഹഓപ്പണര്‍ ഫഖര്‍ സമാനും കൂടാരം കയറി. 31 റണ്‍സായിരുന്നു സമാന്റെ സമ്പാദ്യം. കുല്‍ദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ താരം വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു. 

മൂന്നാമനായി ഇറങ്ങിയ ബാബര്‍ അസം റണ്ണൗട്ടായി. ഒമ്പത് റണ്‍സ് മാത്രമാണ് അസം നേടിയത്. സര്‍ഫറാസ് അഹമ്മദ് പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചെങ്കിലും ചാഹല്‍ പന്തെടുന്ന് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് എറിഞ്ഞു. രവീന്ദ്ര ജഡേജ ബെയ്ല്‍സ് തട്ടിയിടുമ്പോള്‍ അസം ക്രീസിന് പുറത്തായിരുന്നു.