നേരത്തെ ആദ്യ നാല് ഓവറുകളില്‍ തന്നെ പാക്കിസ്ഥാന്‍റെ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യ കൂടാരം കയറ്റിയിരുന്നു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഇമാമുള്‍ ഹഖിനെയും ഫഖര്‍ സമാനെയും പറഞ്ഞയച്ചത്

അബുദാബി: കായിക പ്രേമികള്‍ കാത്തിരുന്ന പോരാട്ടത്തില്‍ ഇന്ത്യന്‍ ആക്രമണത്തെ പ്രതിരോധിച്ച് പാക് മധ്യനിര. 3 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ പാക്കിസ്ഥാനെ ബാബര്‍ അസമും ഷൊയിബ് മാലിക്കും ചേര്‍ന്ന് കരകയറ്റുന്നു. അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

നേരത്തെ ആദ്യ നാല് ഓവറുകളില്‍ തന്നെ പാക്കിസ്ഥാന്‍റെ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യ കൂടാരം കയറ്റിയിരുന്നു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഇമാമുള്‍ ഹഖിനെയും ഫഖര്‍ സമാനെയും പറഞ്ഞയച്ചത്. രണ്ട് റണ്‍സ് നേടിയ ഇമാമിനെ ഭുവി ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഫഖര്‍ സമാനാകട്ടെ ഭുവിയ്ക്കെതിരെ കൂറ്റനടിക്ക് ശ്രമിച്ച് ചാഹലിന്‍റെ കൈകളില്‍ വിശ്രമിക്കുകയായിരുന്നു.

ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 16 ഓവറില്‍ 2 വിക്കറ്റിന് 60 റണ്‍സ് എന്ന നിലയിലാണ്. ബാബര്‍ അസം 32 ഉം ഷൊയിബ് മാലിക്ക് 26 ഉം റണ്‍സ് നേടി ക്രീസിലുണ്ട്.