വർഷങ്ങളായുള്ള കഠിന പ്രയത്നമാണ് മകന്‍റെ നേട്ടത്തിന് പിന്നിലെന്ന് അമ്മ. മത്സരശേഷം മടങ്ങിയെത്തുന്ന ജിൻസണ് വൻ സ്വീകരണം നൽകാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ. 

കോഴിക്കോട്: ഏഷ്യന്‍ ഗെയിംസില്‍ പ്രതീക്ഷിച്ച സ്വർണ്ണം നഷ്ടമായെങ്കിലും മകന്‍റെ വെള്ളിമെ‍‍ഡൽ നേട്ടത്തിന്‍റെ ആഹ്ലാദത്തിലാണ് കോഴിക്കോട് ചക്കിട്ടപാറയിലെ ജിൻസണിന്‍റെ കുടുംബം. ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ മകൻ നടത്തിയ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് അച്ഛൻ ജോൺസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുടുംബത്തോടൊപ്പം മത്സരം കാണാൻ നാട്ടുകാരും ജിൻസണിന്‍റെ വീട്ടിലെത്തിയിരുന്നു. നേരിയ വ്യത്യാസത്തിൽ സ്വർണ്ണം നഷ്ടമായപ്പോൾ ഏവരും നിരാശയിലായി. എന്നാല്‍ വർഷങ്ങളായുള്ള കഠിന പ്രയത്നമാണ് മകന്‍റെ നേട്ടത്തിന് പിന്നിലെന്ന് അമ്മ ഷൈലജ പറഞ്ഞു. മത്സരശേഷം മടങ്ങിയെത്തുന്ന ജിൻസണ് വൻ സ്വീകരണം നൽകാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ. 

ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ ഇന്ത്യന്‍ താരം മന്‍ജിത് സിംഗിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു ജിന്‍സണ്‍ ജോണ്‍സണ്‍. മന്‍ജിത് 1:46:15 സെക്കന്‍റില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജീന്‍സണിന്‍റെ സമയം.