Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ ഗെയിംസില്‍ വിസ്‌മയമായി വിസ്‌മയ; അഭിമാനത്തോടെ കുടുംബം

മകള്‍ സ്വർണ മെഡലുമായി എത്തുമ്പോള്‍ സമ്മാനമായി പകരം എന്ത് നൽകുമെന്നാണ് ഈ അച്ഛനമ്മമാരുടെ മനസിലെ വലിയ ചോദ്യം

Asian Games 2018 Malayali Athlete Vismaya's Family Response
Author
Kochi, First Published Sep 1, 2018, 9:22 AM IST

കൊച്ചി: ഏഷ്യൻ ഗെയിംസ് റിലേയിൽ സ്വർണം നേടിയ മലയാളിതാരം വിസ്മയ നേട്ടങ്ങളുടെ നെറുകയിലെത്തിയത് പ്രതിസന്ധികളോട് പോരാടി. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചായിരുന്നു വിസ്മയയുടെ പരിശീലനം. 

മകള്‍ നാടിന്റെ അഭിമാനമായപ്പോഴും അതൊന്നും അറിയാതെ കോതമംഗലത്തെ വാടക വീട്ടിൽ കഴിയുകയാണ് വിസ്മയയുടെ അമ്മ സുജാതയും അച്ഛൻ വിനോദും. പക്ഷെ മകളുടെ മിന്നും പ്രകടനം മനംനിറഞ്ഞൊന്നു കാണാൻ പോലും അവർക്കായില്ല. കാരണം കോതമംഗലത്തെ വാടക വീട്ടിൽ ഒരു ടീവി പോലും ഇവർക്ക് കൈപ്പിടിയില്‍ ഒതുങ്ങാത്ത ആഡംബരമാണ്.

സ്വദേശമായ കണ്ണൂർ ശ്രീകണ്ഠാപുരത്ത് നിന്ന് മകളുടെ പഠനത്തിനും പരിശീലനത്തിനുമായി കോതമംഗലത്തേക്ക് കുടിയേറിയതാണ് ഈ കുടുംബം. ഇളയമകൾ വിജുഷയും കായികതാരമാണ്. നാനൂറ് മീറ്റർ റിലേയിൽ വിസ്മയ സ്വർണം കൊയ്തത് മുതൽ വീട്ടിലേക്ക് അഭിനന്ദനവുമായി ആളുകള്‍ എത്തിത്തുടങ്ങി. പക്ഷെ അവരെ കൈപിടിച്ചിരുത്താൻ പോലും ഇടമില്ലല്ലോ എന്ന ആവലാതിയാണ് ഇവരുടെ നെഞ്ചിൽ.

അച്ഛന്റെയും അമ്മയുടേയും വിയർപ്പിനുള്ള വിലയായി മകള്‍ സ്വർണ മെഡലുമായി എത്തുമ്പോള്‍ സമ്മാനമായി പകരം എന്ത് നൽകുമെന്നാണ് ഈ അച്ഛനമ്മമാരുടെ മനസിലെ വലിയ ചോദ്യം. 

Follow Us:
Download App:
  • android
  • ios