ചിത്രയുടെ വെങ്കല നേട്ടത്തില്‍ സന്തോഷത്തോടെ കുടുംബം. മൂന്നാമതെത്താനെ ചിത്രക്ക് സാധിച്ചുളളൂവെങ്കിലും അച്ഛനുമമ്മയ്ക്കും നിരാശയില്ല.

പാലക്കാട്: ഏഷ്യൻ ഗെയിംസിലെ അരങ്ങേറ്റ മത്സരത്തിൽ മകൾ മെഡൽ നേടിയതിന്‍റെ ആഹ്ലാദത്തിലാണ് പി യു ചിത്രയുടെ മാതാപിതാക്കൾ. ചിത്രയുടെ വെങ്കലനേട്ടത്തിന് സ്വർണത്തേക്കാൾ തിളക്കമുണ്ടെന്ന് ചിത്രയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വനിതകളുടെ 1500മീറ്ററിൽ രാജ്യത്തിന്റെ സ്വർണപ്രതീക്ഷയായിരുന്നു പി യു ചിത്ര. മത്സരം തുടങ്ങുന്നതിന് ഏറെമുമ്പുതന്നെ മുണ്ടൂരിലെ പാലക്കീഴ് വീട് ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു. മെഡലിലുപരി ഏഷ്യൻ ഗെയിംസിൽ ചിത്രയുടെ അരങ്ങേറ്റം കാണാനായിരുന്നു ഏവരുടെയും കാത്തിരിപ്പ്. മൂന്നാമതെത്താനെ ചിത്രക്ക് സാധിച്ചുളളൂവെങ്കിലും അച്ഛനുമമ്മയ്ക്കും നിരാശയില്ല.

ലോക അത്ലറ്റിക് മീറ്റിൽ ചിത്രക്ക് അവസരം നഷ്ടമായതിന്‍റെ വിഷമം ഇപ്പോൾ മാറിയെന്ന് അമ്മ പറഞ്ഞു. സ്വർണത്തിളക്കമുളള നേട്ടത്തോടെ ചിത്രയുടെ വരവും കാത്തിരിക്കുകയാണിവർ.