ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യ സ്വര്‍ണമുറപ്പിച്ച് ഇറങ്ങുന്ന ഒറ്റ ഇനമേ ഇതുവരെ ഉണ്ടായിരുന്നുള്ളു. കബഡി, അത് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലായാലും അങ്ങനെതന്നെ. എന്നാല്‍ ജക്കാര്‍ത്തയില്‍ ഇത്തവണ ആ പതിവ് തെറ്റി. പുരുഷന്‍മാര്‍ സെമിയില്‍ ഇറാന്റെ കൈക്കരുത്തിന് മുന്നില്‍ മുട്ടുമടക്കി. ചരിത്രത്തിലാദ്യമായി ഫൈനലില്‍പോലും എത്താതെ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യ സ്വര്‍ണമുറപ്പിച്ച് ഇറങ്ങുന്ന ഒറ്റ ഇനമേ ഇതുവരെ ഉണ്ടായിരുന്നുള്ളു. കബഡി, അത് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലായാലും അങ്ങനെതന്നെ. എന്നാല്‍ ജക്കാര്‍ത്തയില്‍ ഇത്തവണ ആ പതിവ് തെറ്റി. പുരുഷന്‍മാര്‍ സെമിയില്‍ ഇറാന്റെ കൈക്കരുത്തിന് മുന്നില്‍ മുട്ടുമടക്കി. ചരിത്രത്തിലാദ്യമായി ഫൈനലില്‍പോലും എത്താതെ പുറത്തായി. അപ്പോഴും ഫൈനലിലെത്തിയ വനിതകളിലായിരുന്നു സ്വര്‍ണ പ്രതീക്ഷ. എന്നാല്‍ ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ ഇറാന്റെ പോരാട്ടവീര്യത്തിനുമുന്നില്‍ വെള്ളിയുമായി മടങ്ങി. അതിന് കാരണക്കാരിയാകട്ടെ ഒരു ഇന്ത്യക്കാരിയും.

ഇറാന്‍ വനിതാ ടീമിന്റെ പരിശീലകയായ 62കാരിയായ ഷൈലജ ജെയിന്‍. കഴിഞ്ഞവര്‍ഷമാണ് ഷൈലജ ഇറാന്‍ വനിതാ കബഡി ടീമിന്റെ പരിശീലകയായത്. മഹാരാഷ്ട്രയിലെ നൂറു കണക്കിന് കുട്ടികള്‍ക്ക് മൂന്ന് ദശകത്തോളം കബഡിയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ അനുഭവസമ്പത്തുമായാണ് ഷൈലജ ഇറാന്റെ പരിശീലക ചുമതല ഏറ്റെടുത്തത്. ജക്കാര്‍ത്തയില്‍ നിന്ന് ഇന്ത്യയുടെ വനിതാ-പുരുഷ ടീമുകള്‍ തലകുനിച്ച് മടങ്ങുമ്പോള്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഈ ഇന്ത്യക്കാരി.

ഇറാനിലെത്തിയപ്പോള്‍ തന്റെ ആദ്യ ലക്ഷ്യം ഏറ്റവും മികച്ച പരിശീലക ആണെന്ന് തെളിയിക്കുകയായിരുന്നു. ഈ വിജയത്തോടെ അത് സാധ്യമായെന്ന് സന്തോഷാശ്രുക്കള്‍ തുടച്ചുകൊണ്ട് ഷൈലജ പറഞ്ഞു. ഫൈനലിന് മുമ്പ് ഞാന്‍ കുട്ടികളോട് പറഞ്ഞു. ദയവായി സ്വര്‍ണമില്ലാതെ എന്നെ ഇന്ത്യയിലേക്ക് പറഞ്ഞയക്കരുത്. ഫൈനല്‍ പൂര്‍ത്തിയായശേഷം അവര്‍ എന്നോട് പറഞ്ഞു, ഇതാ താങ്കള്‍ ആഗ്രഹിച്ച സമ്മാനം. വാശിയേറിയ പോരാട്ടത്തില്‍ 27-24നായിരുന്നു ഇറാന്‍ ഇന്ത്യയെ കീഴടക്കിയത്.

യോഗയും പ്രാണയാമവും എല്ലാം കൂടിച്ചേരുന്നതാണ് ഷൈലജയുടെ പരിശീലനം. ഇറാന്‍ താരങ്ങളുമായി സംവദിക്കാനായി ഷൈലജ പേര്‍ഷ്യന്‍ ഭാഷ പഠിക്കുകയും ചെയ്തു. 42 കുട്ടികളുമായാണ് പരിശീലനം തുടങ്ങിയത്. പിന്നീട് അതു ചുരുക്കി 12ല്‍ എത്തിച്ചു. ഇന്ത്യ തോല്‍ക്കുമ്പോള്‍ മറ്റേതൊരു ഇന്ത്യക്കാരിയെപ്പോലെ എനിക്കും വിഷമം വരും. പക്ഷെ ഞാന്‍ കബഡിയെ സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ ഫൈനലില്‍ ഇറാന്‍ ജയിക്കണമെന്നുതന്നെയായിരുന്നു എന്റെ ആഗ്രഹവും. ഏഷ്യന്‍ ഗെയിംസോടെ ഇറാനുമായുള്ള ഷൈലജയുടെ കരാര്‍ തീരും. അതിനുശേഷം ഇന്ത്യന്‍ പരിശീലകയാവുമോ എന്ന ചോദ്യത്തിന് ചെറുചിരിയായിരുന്നു ഷൈലജയുടെ മറുപടി.