ഏഷ്യന്‍ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളികള്‍

കോഴിക്കോട്: ഇറാനിലെ തബറിസില്‍ 29 മുതല്‍ ജൂലൈ ആറ് വരെ നടക്കുന്ന ഏഷ്യന്‍ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മൂന്ന് മലയാളികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സായ് കേന്ദ്രത്തില്‍ നിന്നും ആകാശ് എസ്. കുമാര്‍, ജോബിന്‍ വര്‍ഗീസ്, തൃപ്രയാര്‍ വോളി അക്കാഡമിയിലെ അഭിഷേക്. സി.കെ. എന്നിവരാണ് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, നരിക്കാംവള്ളി സുരേഷ്കുമാറിന്‍റെയും ബിന്ദുമോളുടേയും മകനാണ് ആകാശ്. പത്തനംതിട്ട ജില്ലയില്‍ അട്ടച്ചാക്കല്‍ മരുതേത്ത് ബിനുവിന്‍റെയും സുനിയുടേയും മകനാണ് ജോബിന്‍ വര്‍ഗീസ്. രണ്ടുപേരും കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥികളാണ്. കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി കരിപ്പള്ളി ശശിയുടേയും ഷീനയുടേയും മകനായ അഭിഷേക് തൃശൂര്‍ കഴിമ്പ്രം വി.പി.എം, എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. മുന്‍ രാജ്യാന്തര താരം ടി.സി. ജ്യോതിഷാണ് ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകന്‍.