ചെന്നൈ: വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്‍കൊണ്ട് രാജ്യാന്തര ക്രിക്കറ്റില്‍ തരംഗമായ താരമാണ് ശ്രീലങ്കയുടെ ലസിംത് മലിംഗ. ഐപിഎല്ലില്‍ ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയായിരുന്നു മലിംഗ. അസാധ്യമായ ആംഗിളുകളില്‍ നിന്നുള്ള യോര്‍ക്കറുകളും സ്ലോ ബോളുകളുമായിരുന്നു മലിംഗയുടെ തുരുപ്പുചീട്ടുകള്‍.

ഇപ്പോഴിതാ മലിംഗയുടെ പാതയില്‍ സൈഡ് ആം ആക്ഷനുമായി മറ്റൊരു ഇന്ത്യന്‍ ബൗളര്‍കൂടി എത്തിയിരിക്കുന്നു. ചെന്നൈയില്‍ നിന്നുള്ള അതിയാസായ്‌രാജ് ഡേവിഡ്സണ്‍. ഇതാ ഇന്ത്യന്‍ മലിംഗയെന്ന അടിക്കുറിപ്പോടെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ ട്വീറ്റാണ് ഡേവിഡ്സണെ വാര്‍ത്തകളില്‍ എത്തിച്ചത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന 25കാരനായ ഡേവിഡ്സണ്‍ ഈ സീസണില്‍ 15 വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

കളിച്ച ആറ് ട്വന്റി-20കളില്‍ കര്‍ണാടകയ്ക്കെതിരെ നേടിയ അഞ്ച് വിക്കറ്റും ഉള്‍പ്പെടെ 10 വിക്കറ്റും ഡേവി‍ഡ്സണ്‍ സ്വന്തമാക്കി. ഇത്തവണ ഐപിഎല്ലില്‍ ഡേവിഡ്സണുവേണ്ടിയും ലേലം വിളി ഉയരുമെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകരുടെ പ്രതീക്ഷ.