സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയ്‌ക്കെതിരെ സച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് ആദ്യ സീസണില്‍ ഏറ്റുമുട്ടിയത് മൂന്ന് തവണയായിരുന്നു. കൊല്‍ക്കത്തയില്‍ ഓരോ ഗോളടിച്ച് ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചുകയറി. പക്ഷേ, കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത, ബ്ലാസ്റ്റേഴ്‌സിന്‍റെ ഹൃദയം തകര്‍ത്തു. മുഹമ്മദ് റഫീഖിന്റെ ഇഞ്ചുറി ടൈം ഗോളിലായിരുന്നു അന്ന് വിജയം‍.

ആദ്യകിരീടം നേടിയ കൊല്‍ക്കത്തയ്‌ക്കെതിരെ രണ്ടാം സീസണില്‍ പകരം വീട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് രണ്ട് തവണയും പിഴച്ചു. കൊച്ചിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിലും കൊല്‍ക്കത്തയില്‍ ഒന്നിനെതിരെ രണ്ട് ഗോളിനും തലകുനിച്ചു. ഈസീസണില്‍ ആദ്യ ഹോം മത്സരത്തിലും കൊല്‍ക്കത്തയ്‌ക്ക് മുന്നില്‍ യാവി ലാറയുടെ ഗോളില്‍ മഞ്ഞക്കുപ്പായക്കാര്‍ക്ക് അടിതെറ്റി‍. കൊല്‍ക്കത്തയില്‍ ഓരോ ഗോളടിച്ച് സമനില തെറ്റാതെ ഇരുവരും ഒപ്പത്തിനൊപ്പം. ലീഗ് ചരിത്രത്തിലെ ടോപ് സ്കോററായ ഇയാന്‍ ഹ്യൂം ഗോള്‍ നേടാത്ത ഏക ടീമെന്ന തലയെടുപ്പോടെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങുന്നു ആദ്യ കിരീടത്തിനായി.