ധര്‍മ്മശാല: ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങള്‍ക്കപ്പുറം കളിക്കളത്തിലെ വാക്‌പോരായിരുന്നു താരം. പരമ്പര നേടിയിട്ടും ഇന്ത്യയുടെയും ക്യാപ്റ്റന്റെയും കലിപ്പ് തീരുന്നില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളുമായി ബന്ധം അവസാനിച്ചുവെന്നും ഇനി മേലില്‍ ഓസീസ് താരങ്ങളെ സുഹൃത്തുക്കളായി കാണില്ലെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി തുറന്നടിച്ചു. ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനേയും സഹകളിക്കാരെയും പരമ്പരയ്ക്കുശേഷവും സുഹൃത്തുക്കളായി കാണുന്നുണ്ടോ എന്ന ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കോഹ്‌ലിയുടെ രൂക്ഷപ്രതികരണം.
അവരെ സുഹുത്തുക്കളായി ഇനി കാണില്ല. എന്റെ അഭിപ്രായവും ഞങ്ങള്‍ തമ്മിലുള്ള ബന്ധവും മാറിക്കഴിഞ്ഞു. ഇനി അവര്‍ സുഹൃത്തുക്കളാകില്ല എന്നായിരുന്നു കോലിയുടെ പ്രതികരണം. വാശിയേറിയ ടെസ്റ്റ് പരമ്പരയിലെ നാലു മത്സരങ്ങള്‍ക്കിടയിലും ഇരു ടീമംഗങ്ങളും തമ്മില്‍ കടുത്ത പോരായിരുന്നു. ഡിആര്‍എസിനു പരിഗണിക്കാന്‍ സ്മിത്ത് ഡ്രസിങ് റൂമിന്റെ സഹായം തേടിയത് വന്‍വിവാദമാകുകയും പിന്നാലെ കോഹ്‌ലി പരാതി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ പല വാക്‌പോരുകളും കളിക്കളത്തില്‍ അരങ്ങേറിക്കൊണ്ടിരുന്നു.
ഓസീസ് വിക്കറ്റുകള്‍ പിഴുതതിനുശേഷം ഇഷാന്ത് ശര്‍മ്മ കോക്രി കാട്ടിയും രൂക്ഷപരിഹാസം നടത്തി. മൂന്നാം മത്സരത്തിനിടെ കോലിക്കേറ്റ പരിക്കിനെ ഓസീസ് താരങ്ങള്‍ കളിയാക്കി. ഇല്ലാത്ത ഒരു ക്യാച്ചിനു അവകാശവാദം ഉന്നയിച്ചുവെന്ന് പറഞ്ഞ് മുരളി വിജയെ ക്യാപ്റ്റന്‍ സ്മിത്ത് കള്ളനെന്ന് അധിക്ഷേപിച്ചു. മാത്യൂ വെയ്ഡും ജഡേജയും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തി.
സോറി എന്ന വാക്കിന്‍റെ സ്‌പെല്ലിങ് പോലും കോലിക്ക് അറിയില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗം പറഞ്ഞത് വാക്‌പോരിനു ആക്കംകൂട്ടി. ഇരുടീമംഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് പ്രശ്‌നം പുറത്തേക്കും നീങ്ങിയത്. കോഹ്‌ലിയെ ട്രംപുമായും ഉപമിച്ചിരുന്നു.
നേരത്തെ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. വാശിയേറിയ പരമ്പരയില്‍ സമ്മര്‍ദ്ദം കൂടുതലായിരുന്നു, ആ സമയത്ത് മനോ നിയന്ത്രണം നഷ്ടപ്പെട്ടു എല്ലാം വൈകാരികമായി പോയി. ഇപ്പോള്‍ എല്ലാറ്റിനും മാപ്പു ചോദിക്കുന്നു.
