റാഞ്ചി: ഡിആര്‍എസ് വിവാദത്തില്‍ ഓസ്ട്രേലിയന്‍ ടീമിനെ രൂകഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ വിരാട് കോലിയെ മോശമാക്കി ചിത്രീകരിച്ച ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ മൂന്നാം ടെസ്റ്റ് നടക്കുന്ന റാഞ്ചിയിലെ പിച്ചിന്റെ പേരിലും കോലിയെ വേട്ടയാടുന്നു. റാഞ്ചി ടെസ്റ്റിനായി മൂന്ന് പിച്ചുകളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇന്ത്യന്‍ ടീം ആവശ്യപ്പെടുന്ന പിച്ചായിരിക്കും രണ്ട് ദിവസം മുമ്പ് കളിക്കായി തെരഞ്ഞെടുക്കുകയെന്നുമുള്ള ക്യൂറേറ്റര്‍ എസ്ബി സിംഗിന്റെ പ്രസ്താവനയില്‍പ്പിടിച്ചാണ് ഓസീസ് മാധ്യമങ്ങള്‍ കോലിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിച്ച് അഞ്ച് ദിവസവും ബാറ്റ്സ്മാന്‍മാരെയും ബൗളര്‍മാരെയും ഒരുപോലെ തുണയ്ക്കുന്നതാണെന്നും ക്യൂറേറ്റര്‍ വ്യക്തമാക്കിയിരുന്നു.
ഇത് ഗൂഢാലോചനയാണെന്നാണ് ഓസീസ് മാധ്യമമായ ഡെയ്‌ലി ടെലിഗ്രാഫിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് തനിക്ക് ഇഷ്ടമുള്ള പിച്ച് തെരഞ്ഞെടുക്കാമെന്നാണ് ക്യൂറേറ്റര്‍ പറയുന്നത്. ഓസ്ട്രേലിയ ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നം ആദ്യ ടെസ്റ്റ് നടന്ന പൂനെയിലെ പിച്ച് മോശം നിലവാരമുള്ളതായിരുന്നുവെന്ന് ഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ബംഗളൂരുവിലെ പിച്ചും ഒട്ടും ഭേദമായിരുന്നില്ലെന്നും ചില പന്തുകള്‍ കളിക്കാന്‍പോലും പറ്റാത്തതായിരുന്നുവെന്നും പത്രം പറയുന്നു. മറ്റൊരു ഓസീസ് പത്രമായ എയ്ജും ക്യൂറേറ്റററുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി.
അതേസമയം, പ്രസ്താവനയില്‍ വിശദീകരണവുമായി ക്യൂറേറ്ററായ എസ്ബി സിംഗും രംഗത്തെത്തിയിട്ടുണ്ട്. കളിക്കേണ്ട പിച്ച് ഏതെന്ന് കോലിക്ക് തെരഞ്ഞെടുക്കാമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ടീം എന്നാണ് പറഞ്ഞതെന്നും അതിനര്‍ഥം ഒഫീഷ്യല്‍സ് എന്നാണെന്നും എസ് ബി സിംഗ് പറഞ്ഞു. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രവര്‍ത്തിയും എസ്ബി സിംഗിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തുവന്നു.
