ഓസ്‍ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലുണ്ടായ ഡി ആര്‍ എസ് വിവാദത്തിന്റെ അലയൊലികള്‍ ഓസ്‌ട്രേലിയയില്‍ ഇപ്പോഴും തുടരുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ മാധ്യമമായ ഫോക്‌സ് സ്പോര്‍ട്സ് ഫേസ്ബുക്കില്‍ നടത്തിയ വെറ്റല്‍ ഓഫ് ദ വീക്ക്(വില്ലന്‍ ഓഫ് ദ വീക്ക്) പോളില്‍ മൃഗങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഉള്‍പ്പെടുത്തിയത്. നായക്കുട്ടി, പാന്‍ഡ, പൂച്ചക്കുട്ടി എന്നിവയ്ക്കൊപ്പമാണ് പോളില്‍ കോലിയെ ഉള്‍പ്പെടുത്തിയത്. ലൈക് ചിഹ്നം ഉപയോഗിച്ചാണ് കോലിക്ക് വോട്ട് ചെയ്യാന്‍ ഫോക്‌സ് സ്പോര്‍ട്സ് ഫേസ്ബുക്ക് ഉപയോക്താക്കളോട് നിര്‍ദ്ദേശം നല്‍കിയത്. 2013ല്‍ ഫോര്‍മുല വണ്ണില്‍ മാര്‍ക്ക് വെബ്ബറെ കബളിപ്പിച്ച് സെബാസ്റ്റ്യന്‍ വെറ്റല്‍ പോള്‍ പൊസീഷന്‍ കൈക്കലാക്കിയതോടെയാണ് ഫോക്‌സ് സ്‌പോര്‍ട്സ് വെറ്റല്‍ ഓഫ് ദ വീക്ക്. ഏതായാലും കോലിയെ അവഹേളിക്കുന്നതിനായി ഫോക്‌സ് സ്പോര്‍ട്സിന്റെ നടപടിയെന്നാണ് ക്രിക്കറ്റ് വിദഗ്ദരും മറ്റ് മാധ്യമപ്രവര്‍ത്തകരും പറയുന്നത്. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

ബംഗളുരുവില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനമാണ് വിവാദ റിവ്യു അരങ്ങേറിയത്. ഉമേഷ് യാദവ് എറിഞ്ഞ പന്തില്‍ സ്മിത്ത് വിക്കറ്റിനു മുന്നില്‍ കുരുങ്ങി. അപംയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ അവേശേഷിച്ചിരുന്ന ഒരു ഡിആര്‍എസിനായി അനുമതി കൊടുക്കും മുമ്പ് സ്മിത്ത് ഡ്രസിംഗ് റൂമിലേക്കു നോക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സ്മിത്തുമായി ഗ്രൗണ്ടില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഉടന്‍തന്നെ അപംയര്‍മാര്‍ ഇടപെട്ട് സ്മിത്തിനെ ഡ്രസിംഗ് റൂമിലേക്കു മടക്കി അയയ്ക്കുകയും ചെയ്തു.