ദക്ഷിണാഫ്രിക്കയുടെ അന്തകനായി വീണ്ടും സ്റ്റാര്‍ക്ക്; ഓസീസിന് തകര്‍പ്പന്‍ ജയം

First Published 5, Mar 2018, 2:54 PM IST
Australia beat South afrcia to take lead in test series
Highlights

83 റണ്‍സുമായി പോരാട്ടം അവസാനദിവസത്തിലേക്ക് നീട്ടിയ ക്വിന്റണ്‍ ഡീകോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 118 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 417 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 298 റണ്‍സില്‍ അവസാനിച്ചു. 293/9 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് അഞ്ചു റണ്‍സ് കൂടിയേ നീണ്ടുള്ളു. നാലു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഹേസല്‍വുഡുമാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. സ്കോര്‍ ഓസ്ട്രേലിയ 351, 227, ദക്ഷിണാഫ്രിക്ക 162, 298.

83 റണ്‍സുമായി പോരാട്ടം അവസാന ദിവസത്തിലേക്ക് നീട്ടിയ ക്വിന്റണ്‍ ഡീകോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഡീകോക്കിന് പുറമെ മര്‍ക്രാം(143), ഡിബ്ര്യൂന്‍(36) എന്നിവര്‍ മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന മത്സരം തോറ്റ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് തോല്‍വിയാണിത്.

നാലു മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഒമ്പതിന് പോര്‍ട്ട് എലിസബത്തില്‍ നടക്കും. മത്സരത്തില്‍ ഏഴു വിക്കറ്റടുത്ത സ്റ്റാര്‍ക്കാണ് കളിയിലേ കേമന്‍.

 

loader