അഡ്‌ലെയ്ഡ്: തുടര്‍ച്ചയായ അഞ്ച് ടെസ്റ്റ് തോല്‍വികള്‍ക്കുശേഷം ഓസ്ട്രേലിയക്ക് നാണം മറയ്ക്കാനൊരു ജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴു വിക്കറ്റിനാണ് ഓസ്ട്രേലിയ ജയിച്ചത്. 127 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 47 റണ്‍സെടുത്ത വാര്‍ണറും 40 റണ്‍സെടുത്ത സ്മിത്തും 34 റണ്‍സുമായി പുറത്താവാതെ നിന്ന റെന്‍ഷായും ഓസീസ് ജയം അനായസമാക്കി. സ്കോര്‍ ദക്ഷിണാഫ്രിക്ക 259/9, 250, ഓസ്ട്രേലിയ 380, 127/3. ആദ്യ രണ്ട് ടെസ്റ്റുകള്‍ ജയിച്ച് ദക്ഷിണാഫ്രിക്ക നേരത്തെ പരമ്പര(2-1) സ്വന്തമാക്കിയിരുന്നു. ജയത്തോടെ നാട്ടില്‍ ആദ്യമായി സമ്പൂര്‍ണ തോല്‍വി വഴങ്ങുകയെന്ന നാണക്കേടും ഓസീസ് ഒഴിവാക്കി.

ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തുനില്‍ക്കെ അപ്രതീക്ഷിതമായി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ തീരുമാനം അവര്‍ക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കന്‍ സ്കോറിന് മറുപടിയായി ഓസീസ് 383 റണ്‍സെടുത്ത് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലായി. രണ്ടാം ഇന്നിംഗ്സില്‍ വലിയ സ്കോര്‍ നേടാതെ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ലായിരുന്നു.

എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 250 റണ്‍സ് മാത്രമെടുക്കാനെ ദക്ഷിണാഫ്രിക്കയ്ക്കായുള്ളു. സെഞ്ചുറി നേടി സ്റ്റീഫന്‍ കുക്കും(104) ഹാഷിം അംലയും(45) മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നുള്ളു. ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയാണ് കളിയിലെ കേമന്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡറാണ് പരമ്പരയുടെ താരം.