ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്കുശേഷം ഓസ്ട്രേലിയക്ക് ജയം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഓസീസിന്റെ ജയം.

അഡ്‌ലെയ്ഡ്: ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്കുശേഷം ഓസ്ട്രേലിയക്ക് ജയം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 48.3 ഓവറില്‍ 231 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സില്‍ ഒതുങ്ങി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്തി(1-1).

ഗ്ലെന്‍ മാക്സ്‌വെല്‍ എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 20 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 12 റണ്‍സെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളു. 51 റണ്‍സെടുത്ത ഡേവിഡ് മില്ലറും 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും മാത്രമെ ദക്ഷിണാഫ്രിക്കക്കായി പൊരുതിയുള്ളു. ഓസീസിനായി സ്റ്റോയിനസ് മൂന്നും സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി 47 റണ്‍സെടുത്ത കാരെ ടോപ് സ്കോററായി. ലിന്‍(44), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്(41), ഷോണ്‍ മാര്‍ഷ്(22) എന്നിവരും ഓസീസ് സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഹൊബാര്‍ട്ടില്‍ നടക്കും.