മെല്‍ബണ്‍: ആഷസില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 491 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സിന് മറുപടിയായി ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചു. അപരാജിതമായ 244 റണ്‍സുമായി അലിസ്റ്റര്‍ കുക്കും റണ്‍സൊന്നുമെടുക്കാതെ ജെയിംസ് ആന്‍ഡേഴ്‌സണും ഇംഗ്ലണ്ടിന്റെ കളിയാരംഭിച്ചെങ്കിലും ആന്‍ഡേഴ്‌സണ് നിലയുറപ്പിക്കാന്‍ കഴിയും മുന്നേ കമ്മിസിന്റെ പന്തില്‍ ബാന്‍കോഫ്റ്റ് പിടിച്ച് പുറത്താകുകയായിരുന്നു. ഇതോടെ ഇന്നലെ കളിനിര്‍ത്തുമ്പോള്‍ ഉണ്ടായിരുന്ന 491 റണ്‍സിന് തന്നെ ഇംഗ്ലണ്ടിന് കളിയവസാനിപ്പിക്കേണ്ടിവന്നു.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാലും ഹേസല്‍വുഡ്, നാഥന്‍ ലയന്‍ എന്നിവര്‍ മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി. പിച്ചിലെ നനവുമൂലം കളിനിര്‍ത്തിവയ്ക്കുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ്. ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ ബാന്‍കോഫ്റ്റും (27), ഉസ്മാന്‍ ഖവാജ (11), എന്നിവരാണ് പുറത്തായത്. 140 പന്തില്‍ നിന്ന് 40 റണ്‍സുമായി വാര്‍ണറും 67 പന്തില്‍ നിന്ന് 25 റണ്‍സുമായി സ്മിത്തുമാണ് ക്രീസില്‍. ആന്‍ഡേഴ്‌സണും വോക്‌സും ഓരോ വിക്കറ്റുകള്‍ നേടി. രണ്ട് ദിവസം കളിയവസാനിക്കാനിരിക്കെ ഇംഗ്ലണ്ടിന് 61 റണ്‍സിന്റെ ലീഡുണ്ട്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് ആഷസിലെ ആദ്യ കളിയില്‍ തോല്‍വിയെ അഭിമുഖീകരിക്കേണ്ടിവരും.