പൂനെ: ഈ ടെസ്റ്റില്‍ ഇനി ഇന്ത്യ ജയിക്കുകയോ സമനില നേടുകയോ ചെയ്യണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. എതിരാളികളെ വീഴ്‌ത്താന്‍ ഒരുക്കിയ സ്പിന്‍ കെണിയില്‍ ഇന്ത്യ തലകറങ്ങി വീണപ്പോള്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം തന്നെ ഓസ്ട്രേലിയ കടിഞ്ഞാണ്‍ ഏറ്റെടുത്തു. രണ്ടാം ദിനം കേവലം 40 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ ഓസീസിന് സമ്മാനിച്ചത് 155 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്.

രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ്. ആകെ ലീഡ് 298 റണ്‍സ്.ആറ് വിക്കറ്റ് കൈയിലിരിക്കെ മൂന്നാം ദിനം 450 റണ്‍സെങ്കിലും ലീഡ് നേടാനാവും ഓസീസ് ശ്രമം. പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ നാലാം ഇന്നിംഗ്സില്‍ 200 റണ്‍സിന് മുകളിലുള്ള ഏത് ലക്ഷ്യംപോലും ഏറെ ദുഷ്കരമാണെന്നിരിക്കെ വിരാട് കൊഹ്‌ലിയുടെ അപരാജിത കുതിപ്പിന് ഓസീസ് പൂനെയില്‍ സഡന്‍ ബ്രേക്കിടനാണ് സാധ്യത. സ്കോര്‍ ഓസ്ട്രേലിയ 260, 143/4, ഇന്ത്യ 105.

കണ്ണടച്ചുതുറക്കും മുമ്പായിരുന്നു ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച. 94/3 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് 105ന് ഓള്‍ ഔട്ടാവുക. കൊഹ്‌ലിയെയും പൂജാരയെയും വീഴ്‌ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയുടെ തലയറുത്തപ്പോള്‍ ആറു വിക്കറ്റ് വീഴ്‌ത്തി സ്റ്റീവന്‍ ഒക്കേഫേ ഇന്ത്യയുടെ നടുവൊടിച്ചു. മൂന്ന് പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. 64 റണ്‍സെടുത്ത രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ടാമത്തെ ടോപ് സ്കോററായ അജിങ്ക്യാ രഹാനെ നേടിയതാകട്ടെ 13 റണ്‍സ്.

44/3 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ രാഹുലും രഹാനെയും കൂടി കരകയറ്റുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഒക്കേഫെയെ സിക്സര്‍ പറത്താനുള്ള രാഹുലിന്റെ ശ്രമം വാര്‍ണറുടെ കൈകകളില്‍ അവസാനിച്ചതോടെയാണ് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച ആരംഭിക്കുന്നത്. അതേ ഓവറില്‍ രഹാനെയെയും സാഹയെയും(0) മടക്കി ഒക്കേഫേ ഇന്ത്യയെ ശരിക്കും ഞെട്ടിച്ചു. പിന്നീട് ഇന്ത്യ തല ഉയര്‍ത്തിയില്ല. എട്ടോവറില്‍ കേവലം 11 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടമാക്കി ഇന്ത്യ തലകുനിച്ചപ്പോള്‍ ഓസ്ട്രേലിയ സ്വന്തമാക്കിയത് 155 റണ്‍സിന്റെ കൂറ്റന്‍ ലീഡ്.

രണ്ടാം ഇന്നിംഗ്സില്‍ ആദ്യ ഓവറില്‍ തന്നെ വാര്‍ണറെ മടക്കി അശ്വിന്‍ തുടങ്ങിയെങ്കിലും ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ ഇന്ത്യയ്ക്ക് തലവേവദനയായി. ഭാഗ്യത്തിന്റെ പിന്തുണ കൂടിയായപ്പോള്‍ സ്റ്റീവന്‍ സ്മിത്ത്(59 നോട്ടൗട്ട്) പൊരുതിനേടിയ അര്‍ധസെഞ്ചുറിയും റെന്‍ഷോ(39), ഹാന്‍ഡ്‌സ്‌കോമ്പ്(19) മിച്ചല്‍ മാര്‍ഷ്(21) എന്നിവരുടെ ഇന്നിംഗ്സുകളും ഓസീസിനെ സുരക്ഷിത തീരത്തെത്തിച്ചു.