മുംബൈ: ത്രിദിന പരിശീലന മത്സരത്തിനിടെ തന്നെ തന്നെ അധിക്ഷേപിച്ച ഓസ്‍ട്രേലിയന്‍ താരങ്ങള്‍ക്ക് ഇന്ത്യ എയുടെ മലയാളി താരം ശ്രേയസ് അയ്യര്‍ മറുപടി നല്‍കിയത് ഇരട്ട സെഞ്ചുറിയിലൂടെ. 210 പന്തില്‍ 202 റണ്‍സുമായി പുറത്താകാതെ നിന്ന അയ്യരുടെ മികവില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ എ 403 റണ്‍സെടുത്തു. ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ ഏഴു വിക്കറ്റിന് 469 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. 27 ബൗണ്ടറിയും ഏഴ് സിക്സറും അടങ്ങുന്നതാണ് അയ്യരുടെ ഇന്നിംഗ്സ്. 74 റണ്‍സെടുത്ത ഗൗതമാണ് അയ്യരെ കൂടാതെ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍.

കളിയുടെ രണ്ടാം ദിനം ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡും ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമാണ് തന്നോട് മോശമായി സംസാരിച്ചതെന്ന് അയ്യര്‍ പരാതിപ്പെട്ടിരുന്നു. നഥാന്‍ ലിയോണിനെയും സ്റ്റീഫന്‍ ഒകീഫെയെയും സിക്‌സര്‍ പറത്തിയതിന് ശേഷമാണ് ഓസീസ് താരങ്ങള്‍ പ്രകോപിതരായത്. രണ്ടാം ദിനം ശ്രേയസ് അയ്യര്‍ 93 പന്തില്‍ 85 റണ്‍സുമായി ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നെടുംതൂണായിന്നു.

നേരത്തേ, ഓസീസ് താരങ്ങള്‍ക്ക് കളിക്കളത്തില്‍ വാക്പോര് നടത്താമെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലന മത്സരത്തില്‍ ഓസീസ് താരങ്ങള്‍ വാക്പോരിലും പരിശീലനം നടത്തിയത്.