ധര്‍മ്മശാല: ഇന്ത്യയ്ക്കെതിരായ അവസാ ടെസ്റ്റില്‍ 32 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 116 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഇനി നാലു വിക്കറ്റ് മാത്രം ശേഷിക്കെ 84 റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസ്‌ട്രേലിയയ്‌ക്ക് ഉള്ളത്.

സ്കോര്‍- ഓസ്‌ട്രേലിയ- 300 & ആറിന് 116 & ഇന്ത്യ 332

ഓസീസ് ഇന്നിംഗ്സില്‍ 45 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. സ്‌മിത്ത് 17 റണ്‍സും പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് 18 റണ്‍സുമെടുത്ത് പുറത്തായി. മറ്റൊരു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാനും രണ്ടക്കം കാണാനായില്ല. ഇന്ത്യയ്‌ക്കുവേണ്ടി ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ആറിന് 248 എന്ന നിലയില്‍ മൂന്നാം ദിവസം കളി തുടര്‍ന്ന ഇന്ത്യയ്‌ക്കു രവീന്ദ്ര ജഡേജയുടെ അര്‍ദ്ധസെഞ്ച്വറി പ്രകടനമാണ് ലീഡ് നേടിക്കൊടുത്തത്. ജഡേജ 63 റണ്‍സെടുത്താണ് പുറത്തായത്. 95 പന്തില്‍ 63 റണ‍്സെടുത്ത ജഡേജയുടെ ഇന്നിംഗ്സില്‍ നാലു വീതം സിക്‌സറുകളും ബൗണ്ടറികളും ഉണ്ടായിരുന്നു. ജഡേജയും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 96 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ജഡേജ വീണതോടെ ഇന്ത്യയ്‌ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി നഥാന്‍ ലിയോണ്‍ അഞ്ചു വിക്കറ്റെടുത്തപ്പോള്‍ പാറ്റ് കുമ്മിണ്‍സ് മൂന്നു വിക്കറ്റ് നേടി.

മല്‍സരത്തില്‍ രണ്ടു ദിവസം ശേഷിക്കെ ഇന്ത്യയ്‌ക്കാണ് വിജയപ്രതീക്ഷ ഏറെയുള്ളത്. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും ബാറ്റിങ് ദുഷ്‌ക്കരമാക്കുന്ന പിച്ചില്‍ കളി പ്രവചനാതീതമാണ്.

നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മല്‍സരം ജയിക്കുന്നവര്‍ക്കായിരിക്കും ഈ വര്‍ഷത്തെ ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫി ലഭിക്കുക.