ചിറ്റഗോംഗ്: ബംഗ്ലാദേശില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ബസിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അക്രമത്തില്‍ ബസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബംഗ്ലാദേശുമായുളള രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷം ചിറ്റഗോംഗലെ സാഹുര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങിയ ടീമിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
ടീമിന്റെ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ച ഗൗരവതരമായാണ് കാണുന്നതെന്നും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി ചിറ്റോങ് മെട്രോപൊളിറ്റന്‍ പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
അതേസമയം, മനപൂര്‍വമായി ആരെങ്കിലും കല്ലെറിഞ്ഞതായി കരുതാനാവില്ലെന്നും യാദൃശ്ചികമായി ജനല്‍ച്ചില്ലില്‍ മറ്റെന്തെങ്കിലും വന്നു പതിച്ചതാകാമെന്നുമാണ് ബംഗ്ലാദേശ് സുരക്ഷാ അധികൃതരുടെ നിലാട്. ബസ് കടന്നുപോകുന്ന പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അവിടെ നിന്ന് കല്ലുപോലുള്ള വസ്തുകള്‍ ബസിന്റെ ഗ്ലാസില്‍ പതിച്ചതാകാമെന്നും അവര്‍ വ്യക്തമാക്കി.
2006 ല്‍ റിക്കി പോണ്ടിങിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയന്‍ ടീം ബംഗ്ലാദേശില്‍ പര്യടനം നടത്തിയതിന് ശേഷം ഓസീസ് ബംഗ്ലാദേശില്‍ കളിക്കുന്ന ആദ്യ പര്യടനമാണ് ഇത്. 2015 ല്‍ നടക്കേണ്ടിയിരുന്ന മത്സരം അന്ന് നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ഓസീസിനെ പരാജയപ്പെടുത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ പരാജയപെടുത്തുന്നത്.
