ക്വാലാലംപൂര്‍: ആവേശ ജയങ്ങളുമായി ഫൈനല്‍ വരെയെത്തിയ ഇന്ത്യയ്ക്ക് പക്ഷെ കിരീടപ്പോരില്‍ അടിതെറ്റി. സുല്‍ത്താന്‍ അസ്ലാന്‍ ഷാ കപ്പ് ഹോക്കി ഫൈനലില്‍ ഇന്ത്യയെ എതിരില്ലാത്ത നാലു ഗോളിന് കീഴടക്കി ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ കിരീടം നേടി.
ഓസീസിനെ ഗോള്‍ മേഖലയില്‍നിന്ന് അകറ്റി നിര്‍ത്തുകയെന്ന തന്ത്രം ഇന്ത്യന്‍ പ്രതിരോധം ഫലപ്രദമായി നടപ്പാക്കിയപ്പോള്‍ ആദ്യക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നില്ല. ഗോള്‍രഹിതമായ ആദ്യക്വാര്‍ട്ടറിനുശേഷം 25ാം മിനിട്ടില്‍ തോമസ് ക്രെയിഗ് ആണ് ഓസീസ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 35-ാം മിനിട്ടില്‍ തോമസ് ക്രെയിഗ് ഓസീസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 43, 57 മിനിട്ടുകളില്‍ ഗോള്‍ നേടി ഇന്ത്യയുടെ സമനില പ്രതീക്ഷകള്‍ തകര്‍ത്ത മാറ്റ് ഗോഥെ ഓസീസിന്റെ വിജയമുറപ്പിച്ചു.
തോറ്റെങ്കിലും കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഇന്ത്യ ഇതാദ്യമായാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. സുല്‍ത്താന്‍ അസ്ലാന്‍ ഷാ ഹോക്കിയില്‍ ഓസീസിന്റെ ഒമ്പതാം കിരീടനേട്ടമാണിത്. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും ആധികാരിക ജയവുമായാണ് ഓസീസിന്റെ കിരീടനേട്ടം. ലീഗ് മത്സരങ്ങളില്‍ ഓസീസ് നേരത്തെ ഇന്ത്യയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. 2010ലാണ് ഇന്ത്യ അവസാനമായി കിരീടം നേടിയത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മലേഷ്യയെ നാലിനെതിരെ അഞ്ചു ഗോളിന് തോല്‍പിച്ച ന്യൂസിലന്‍ഡ് വെങ്കല മെഡല്‍ നേടി.
