മെല്‍ബണ്‍: ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റെങ്കിലും ജയിച്ച് മാനം കാക്കാമെന്ന ഇംഗ്ലീഷ് മോഹങ്ങള്‍ തല്ലിക്കൊഴിച്ച് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ബോക്സിംഗ് ഡേ ടെസ്റ്റില്‍ സ്മിത്തിന്റെ അപരാജിത സെഞ്ചുറി മികവില്‍ ഓസ്ട്രേലിയ സമനില പിടിച്ചു. 102 റണ്‍സുമായി പുറത്താകാതെ നിന്ന സ്മിത്ത് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ സെഞ്ചുറി കുറിച്ചപ്പോള്‍ 82 റണ്‍സെടുത്ത് പുറത്തായ ഡേവിഡ് വാര്‍ണര്‍ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറിയാണ് നേടിയത്. സ്കോര്‍ ഓസ്ട്രേലിയ 327, 263/4, ഇംഗ്ലണ്ട് 491.

164 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഓസീസിനെ വീഴ്ത്താന്‍ ഇംഗ്ലീഷ് പടക്കായില്ല. എങ്കിലും പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങേണ്ടിവരില്ലെന്നകാര്യത്തില്‍ ഇംഗ്ലണ്ടിന് ആശ്വസിക്കാം. രണ്ടിന് 103 എന്ന നിലയില്‍ അവസാനദിനം ക്രീസിലിറങ്ങിയ ഓസീസിനെ അതിവേഗം പുറത്താക്കി വിജയം നേടാമെന്ന ഇംഗ്ലണ്ടിന്റെ പദ്ധതികള്‍ സ്മിത്തിന്റെയും വാര്‍ണറുടെയും പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ഇംഗ്ലീഷ് പേസാക്രമണത്തിനെതിരെ ഒരു ദിനം മുഴുവന്‍ പിടിച്ചുനിന്ന ഓസീസ് അവസാനദിനം ആകെ അടിച്ചെടുത്തത് 160 റണ്‍സ് മാത്രമാണ്.

കലണ്ടര്‍വര്‍ഷം സ്മിത്ത് നേടുന്ന ആറാം സെഞ്ചുറിയാണിത്. ഇതോടെ ടെസ്റ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും സ്മിത്തിന് സ്വന്തമായി. 76.76 റണ്‍സ് ശരാശരിയില്‍ 1305 റണ്‍സാണ് ഈ കലണ്ടര്‍ വര്‍ഷം സ്മിത്ത് നേടിയത്. ആഷസ് പരമ്പരയില്‍ മാത്രം നാലു മത്സരങ്ങളില്‍ നിന്ന് 151 റണ്‍സ് ശരാശരിയില്‍ 604 റണ്‍സടിച്ച സ്മിത്ത് മൂന്ന് സെഞ്ചുറിയും കുറിച്ചു.