136 പന്തില്‍ 14 ബൗണ്ടറികളോടെ 101 റണ്‍സ് നേടിയ ഖവാജ പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് 59 റണ്‍സോടെ മികച്ച പിന്തുണ നല്‍കി. പത്ത് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ലങ്കയ്ക്ക് ജയിക്കാന്‍ 499 റണ്‍സ് കൂടി വേണം

കാന്‍ബറ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയത്തിലേക്ക്. ഒന്നാം ഇന്നിംഗ്സില്‍ 319 റണ്‍സിന്‍റെ ലീഡ് നേടിയ കംഗാരുക്കള്‍ രണ്ടാം ഇന്നിംഗ്സ് 3ന് 196 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ലങ്കയ്ക്ക് മുന്നില്‍ 516 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ ജോ ബേണ്‍സ്, ട്രാവിസ് ഹെഡ്, കേര്‍ട്ടിസ് പാറ്റേഴ്‌സണ്‍ എന്നിവരാണ് സെഞ്ചുറി നേടിയതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ ഉസ്മാന്‍ ഖവാജയാണ് ഫോമിലേക്കുയര്‍ന്നത്.

136 പന്തില്‍ 14 ബൗണ്ടറികളോടെ 101 റണ്‍സ് നേടിയ ഖവാജ പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് 59 റണ്‍സോടെ മികച്ച പിന്തുണ നല്‍കി. ഖവാജ സെഞ്ചുറി തികച്ചതോടെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 516 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ലങ്ക മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സ് നേടിയിട്ടുണ്ട്. പത്ത് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ലങ്കയ്ക്ക് ജയിക്കാന്‍ 499 റണ്‍സ് കൂടി വേണം.

നേരത്തെ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 215 റണ്‍സിലാണ് അവസാനിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ലങ്കയ്ക്ക് കനത്ത നാശം വിതച്ചത്. 13.3 ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ലിയോണ്‍ രണ്ട് വിക്കറ്റ് നേടി. ഓപ്പണര്‍ കരുണരത്നയ്ക്ക് മാത്രമാണ് അര്‍ധശതകം നേടാനായത്. കരുണരത്ന 59 റണ്‍സ് നേടിയാണ് പുറത്തായത്. ലാഹിരു തിരുമാനെ 41 റണ്‍സ് നേടി.

നേരത്തെ ജോ ബേണ്‍സ് (180), ട്രാവിസ് ഹെഡ് (161), കേര്‍ട്ടിസ് പാറ്റേഴ്‌സണ്‍ (114) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിന് മികച്ച ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം ടെസ്റ്റില്‍ വിജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ മുന്നിലാണ്.