രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 60 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് പരമ്പര

വഡോദര: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 60 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് പരമ്പര. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് കളികളും ജയിച്ചാണ് ഓസീസ് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ നാല് പന്തുകള്‍ അവശേഷിക്കേ 227ന് ഇന്ത്യ അടിയറവ് പറയുകയായിരുന്നു. 

നേരത്തെ ഓപ്പണര്‍ നിക്കോളെ ബോള്‍ട്ടണ്‍(84), എലീസേ പെറി(70), ബെത്ത് മൂണി(56) എന്നിവരുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് 24 റണ്‍സുമായും വിക്കറ്റ് കീപ്പര്‍ അലീസാ ഹീലി 19 റണ്‍സെടുത്തും പുറത്തായി. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ മൂന്നും പൂനം യാദവ് രണ്ടും ഹെര്‍മന്‍പ്രീത് കൗറും ഏക്താ ബിഷും ഓരോ വിക്കറ്റുകളും നേടി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൂനം റൗത്തും സ്‌മൃതി മന്ദാനയും ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ മധ്യനിര ശോഭിക്കാതെ പോയതോടെ ഇന്ത്യ പരാജയത്തിലേക്ക് വഴുതിവീണു. ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ദാന(67) അര്‍ദ്ധ സെഞ്ചുറി നേടി. പൂജ വസ്ത്രാക്കര്‍(30), പൂനം റൗത്ത്(27, ദീപ്‌തി ശര്‍മ്മ(26) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ ഉയര്‍ന്ന സ്കോറുകള്‍‍. 

ഓസീസിനായി ജൊനാസണ്‍ മൂന്നും വെല്ലിംഗ്ടണും പെറിയും രണ്ട് വിക്കറ്റുകളും പിഴുതു. സ്കട്ട്, ഗാര്‍ഡ്‌നര്‍ കാരേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മൂന്നാമത്തെയും അവസാനത്തേയും ഏകദിനം 18ന് വഡോദരയില്‍ നടക്കും. നേരത്തെ ആദ്യ ഏകദിനത്തില്‍ ഓസീസ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.