ഓവറിലെ ഒരു പന്തിൽ ഔട്ട് സൈഡ് എഡ്ജിലൂടെ ദോഗ്രയ്ക്ക് ബൗണ്ടറി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഫീൽഡർമാരും ദോഗ്രയും തമ്മിൽ വാക്കു തര്‍ക്കമുണ്ടായി.

ഹൂബ്ലി: രഞ്ജി ട്രോഫി ഫൈനലിൽ കർണാടകയും ജമ്മു കശ്മീരും തമ്മിലുള്ള ആവേശപ്പോരാട്ടത്തിനിടെ കൈയാങ്കളി. ജമ്മു കശ്മീർ ഇന്നിംഗ്‌സിലെ 101-ാം ഓവറിലായിരുന്നു നാടകീയ സംഭവം. കർണാടക ഫീൽഡർ കെ.വി അനീഷിനെ ജമ്മു ക്യാപ്റ്റൻ പരസ് ദോഗ്ര തലകൊണ്ട് ഇടിക്കുകയായിരുന്നു.

ഓവറിലെ ഒരു പന്തിൽ ഔട്ട് സൈഡ് എഡ്ജിലൂടെ ദോഗ്രയ്ക്ക് ബൗണ്ടറി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഫീൽഡർമാരും ദോഗ്രയും തമ്മിൽ വാക്കു തര്‍ക്കമുണ്ടായി. സ്ലെഡ്ജിങ് അതിരുവിട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട 41-കാരനായ ദോഗ്ര, ക്ലോസ് ഇൻ ഫീൽഡറായ അനീഷിന് നേരെ തിരിയുകയും തലകൊണ്ട് ഇടിക്കുകയുമായിരുന്നു.

സംഭവം വഷളായതോടെ കർണാടകയുടെ സീനിയർ താരം മായങ്ക് അഗർവാൾ ഓടിയെത്തുകയും ദോഗ്രയ്ക്കെതിരെ രൂക്ഷമായി സംസാരിക്കുകയും ചെയ്തു. അമ്പയർമാരും മറ്റ് താരങ്ങളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് ദോഗ്ര അനീഷിനോട് മാപ്പ് പറഞ്ഞെങ്കിലും താരം അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.

Scroll to load tweet…

മത്സരത്തിന്റെ ഒന്നാം ദിനം കർണാടക പേസർ വൈശാഖ് വിജയകുമാറിന്‍റെ പന്തിൽ കൈവിരലിന് പരിക്കേറ്റ് 9 റൺസിൽ നിൽക്കെ ദോഗ്ര റിട്ടയേര്‍‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. എന്നാൽ രണ്ടാം ദിനം ബാറ്റിംഗിന് തിരിച്ചെത്തിയ ദോഗ്ര അർദ്ധ സെഞ്ച്വറിയുമായി ടീമിനെ മുന്നോട്ട് നയിച്ചു. 70 റണ്‍സെടുത്താണ് ദോഗ്ര പുറത്തായത്. കന്നി രഞ്ജി കിരീടം ലക്ഷ്യമിടുന്ന ജമ്മു കശ്മീരിനായി ശുഭം പുന്ദീർ(121) സെഞ്ചുറിയും അബ്ദുൾ സമദ്(61), യാവര്‍ ഹസന്‍(88), കനയ്യ വാധ്‌‌വാന്‍(70ഷ സഹില്‍ ലോത്ര(57*) എന്നിവര്‍ അർദ്ധ സെഞ്ചുറികളും നേടി. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക ആറ് വിക്കറ്റ് നഷ്ടക്കില്‍ 527 റണ്‍സെന്ന ശക്തമായ നിലയിലാണ്. 57 റണ്‍സുമായി സഹില്‍ ലോത്രയും 20 റണ്‍സുമായി ആബിദ് മുഷ്താഖുമാണ് ക്രീസില്‍.

രഞ്ജി ട്രോഫിയില്‍ ആദ്യയായാണ് ജമ്മു കശ്മീര്‍ ഫൈനലിലെത്തുന്നത്. അതേസമയം, ഒമ്പതാം രഞ്ജി കിരീടമാണ് കർണാടക ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക