ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമായത് അക്ഷര്‍ പട്ടേലിന്റെ ബൗളിങ് പ്രകടനം. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ കണിശക്കാരനായ അക്ഷര്‍ പട്ടേല്‍, പക്ഷേ വിക്കറ്റിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാട്ടിയില്ല. ഒരവസരത്തില്‍ 24.2 ഓവറില്‍ രണ്ടിന് 139 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ അക്ഷര്‍ പട്ടേലും കൂട്ടരും ആഞ്ഞടിച്ചതോടെ എട്ടിന് 187 എന്ന നിലയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തി. പത്ത് ഓവര്‍ എറിഞ്ഞ അക്ഷര്‍ പട്ടേല്‍ 34 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 36 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ്, രണ്ടു റണ്‍സെടുത്ത വനിന്ദു ഹസരംഗ, അഞ്ചു റണ്‍സെടുത്ത ലക്ഷന്‍ സന്‍ഡകന്‍ എന്നിവരുടെ വിക്കറ്റുകളാണ് പട്ടേല്‍ നേടിയത്. 300ന് മുകളില്‍ സ്‌കോര്‍ നേടാമെന്ന പ്രതീക്ഷയില്‍ മുന്നേറിയ ശ്രീലങ്കന്‍ മധ്യനിരയെ തടഞ്ഞുനിര്‍ത്തുന്നതില്‍ അക്ഷര്‍ പട്ടേലിന്റെ കൃത്യത വിജയം കാണുകയായിരുന്നു.