ക്ലബ് ക്രിക്കറ്റിലേക്ക് ഓപ്പണര്‍ ബാന്‍ക്രോഫ്റ്റും തിരിച്ചെത്തുന്നു
സിഡ്നി: 'പന്ത് ചുരണ്ടല്' വിവാദത്തില് വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്ണറിനും പിന്നാലെ കാമറോണ് ബാന്കോഫ്റ്റും ക്രിക്കറ്റില് തിരിച്ചെത്തുന്നു. പ്രീമിയര് ക്രിക്കറ്റ് ക്ലബ് വില്ട്ടണിന്റെ അഭ്യര്ത്ഥന പ്രകാരം ബാന്ക്രോഫ്റ്റിന് കളിക്കാന് പ്രത്യേക അനുമതി നല്കിയതായി വെസ്റ്റേണ് ഓസ്ട്രേലിയ ഡിസ്ട്രിക് ക്രിക്കറ്റ് കൗണ്സില് അറിയിച്ചു.
ഇതോടെ അടുത്ത സീസണില് വില്ട്ടണായി ബാന്ക്രോഫ്റ്റ് കളിക്കുമെന്ന് ഉറപ്പായി. തിങ്കളാഴ്ച്ച നടന്ന വെസ്റ്റേണ് ഓസ്ട്രേലിയ ഡിസ്ട്രിക് ക്രിക്കറ്റ് കൗണ്സില് മീറ്റിംഗില് വോട്ടിനിട്ടാണ് താരത്തെ കളിപ്പിക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ തങ്ങളുടെ ക്ലബുകള്ക്കായി കളിക്കാന് സ്മിത്തിനും വാര്ണര്ക്കും ന്യൂ സൗത്ത് വെയ്ല്സ് ക്രിക്കറ്റ് അസോസിയേഷന് അനുമതി നല്കിയിരുന്നു.
പന്ത് ചുരുണ്ടല് വിവാദത്തില് കുറ്റക്കാരെന്ന് കണ്ടെത്തി സ്മിത്തിനും വാര്ണര്ക്കും 12 മാസവും ബാന്ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്കിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിലക്ക് നേരിടുന്ന താരങ്ങള് ക്ലബ് ക്രിക്കറ്റില് നിന്നും മാറിനില്ക്കണം എന്നാണ് നിയമം. എന്നാല് താരങ്ങള്ക്ക് ക്ലബ് ക്രിക്കറ്റില് കളിക്കാന് ക്രിക്കറ്റ് കൗണ്സിലുകള് പ്രത്യേക അനുമതി നല്കുകയായിരുന്നു.



